മുഹമ്മദ് റിസ്വാന് കരുത്തായത് മലയാളി ഡോക്ടറുടെ കരങ്ങള്‍

ട്വന്റി-20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താനായി വീരോചിതം പോരാടിയ മുഹമ്മദ് റിസ്വാന് കരുത്തായത് മലയാളി ഡോക്ടര്‍ സഹീന്‍ സൈനുലാബ്ദീന്റെ കരങ്ങള്‍. മത്സരത്തിന് രണ്ടു ദിവസം മുമ്പ് കടുത്ത പനിയും തൊണ്ടയിലെ അണുബാധയും മൂലം റിസ്‌വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബായിലെ വിപിഎസ് മെഡിയോര്‍ ആശുപത്രിയിലായിരുന്നു ചികിത്സ.

ഇവിടെ റിസ്വാന് കരുത്ത് പകര്‍ന്ന് കൂടെയുണ്ടായിരുന്നത് ഡോ. സഹീന്‍ ആയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സഹീന്‍ ശ്വാസകോശരോഗ വിദഗ്ധനാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോഴും ടീമിനൊപ്പം ചേര്‍ന്ന് കളിക്കണം എന്നായിരുന്നു റിസ്വാന്‍ എപ്പോഴും പറഞ്ഞിരുന്നതെന്ന് സഹീന്‍ വ്യക്തമാക്കുന്നു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഹീന്‍.

തൊണ്ടയിലെ അണുബാധ ശ്വാസനാളത്തേയും അന്നനാളത്തേയും ബാധിച്ചതായും ഇത് സാധാരണയായി ഭേദമാകാന്‍ ഒരാഴ്ച്ച സമയമെടുക്കുമെന്നും സഹീന്‍ പറയുന്നു. എന്നാല്‍ ഈ രോഗാവസ്ഥ രണ്ടു ദിവസത്തിനുള്ളില്‍ റിസ്വാന്‍ മറികടന്നെന്നും സഹീന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തന്റെ കയ്യൊപ്പിട്ട ജഴ്‌സി സഹീനിന്‌ റിസ്‌വാന്‍ സമ്മാനിച്ചിരുന്നു. മത്സരദിവസമായ വ്യാഴാഴ്ച്ച രാവിലെയാണ് റിസ്വാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഓസ്‌ട്രേലിയക്കെതിരേ ഓപ്പണറായി കളിച്ച താരം പാക് ടീമിന്റെ ടോപ്പ് സ്‌കോററായി.

Top