ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; സല്യൂട്ട് നൽകി യാത്രയാക്കി ഭാര്യ

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത്

വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടർ രേണു രാജ് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ് എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ നിർമ്മലിൻറെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിർമ്മലിന്റെ വിയോഗം വലിയ നഷ്ടമാണെന്നും രാജ്യത്തെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതിനാൽ ദുഖമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രളയമുന്നറിയിപ്പ് അറിയാതെ കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നിർമ്മൽ മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടത്.

മധ്യപ്രദേശിലെ ജപൽപൂരിൽ ലെഫ്റ്റനൻറ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലമായ പച് മാർഹിയിക്കുള്ള യാത്രക്കിടെയാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നുള്ള യാത്രക്കിടെ തിങ്കളാഴ്ച്ച കാണാതായ നിർമ്മലിൻറെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്നിയിൽ കണ്ടെത്തിയത്. ശക്തമായ മഴയിലെ വെള്ളപൊക്കത്തിൽ കാർ അപകടത്തിൽപെട്ടാണ് നിർമ്മൽ മരിച്ചത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പാറ്റ്നിയെന്ന സ്ഥലത്ത് നിന്നും നിർമ്മലിൻറെ കാർ കണ്ടെത്തി. പിന്നാലെ നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ നിർമ്മലിൻറെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്ന സ്ഥലത്ത് വലിയ വെള്ളപൊക്കമുണ്ടായിരുന്നു. യാത്രക്കിടെ നിർമ്മൽ വെള്ളത്തിൽ ഒഴുകിപോയെന്നാണ് കരുതുന്നത്.

2014 ൽ ആണ് നിർമ്മൽ സൈന്യത്തിൽ ജോലിക്ക് പ്രവേശിച്ചത്. കാർഗിൽ യുദ്ധകാലത്ത് വിദ്യാർത്ഥിയായിരുന്ന നിർമ്മലിൻറെ അന്ന് മുതലുള്ള ആഗ്രഹമായിരുന്നു സൈനിക സേവനം. കെഎസ്ഇബിയിൽ നിന്നും വിരമിച്ച ശിവരാജൻ-സുബൈദ ദമ്പതിമാരുടെ മൂത്തമകനാണ് നിർമ്മൽ. ജപൽപൂരിൽ ലെഫ്റ്റനൻറ് ആയി ജോലി ചെയ്യുന്ന ഗോപി ചന്ദ്രയാണ് ഭാര്യ. ഐശ്വര്യ ഏക സഹോദരിയാണ്.

Top