‘വാൻ’; ഇലക്ട്രിക്ക് സൈക്കിൾ സ്റ്റാർട്ടപ്പുമായി മലയാളി

കൊച്ചി: ഇലക്ട്രിക് മോഡിലേയ്ക്കു യാത്രകൾ ചുവടു മാറുമ്പോൾ സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി. എറണാകുളം തൃക്കാക്കര സ്വദേശി ജിത്തു സുകുമാരന്റെ നേതൃത്വത്തിലുള്ള വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡാണ് അനായാസ ഫ്ലിപ് ചാർജിങ് ബാറ്ററിയുമായി സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇ-ബൈക്കുകൾ, ഇ-മോപ്പഡ്, ഇ-സ്കൂട്ടർ, ഇ-ബോട്ട്, കുട്ടികൾക്കുള്ള ഇ–സൂപ്പർ ബൈക്കുകൾ, വസ്ത്രങ്ങൾ ഇവയാണ് കേരള വിപണിയിൽ എത്തുക. ഇറ്റലിയിൽ നടന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ ഉൽപന്നങ്ങൾ ലോഞ്ച് ചെയ്തു.

സിംഗപ്പൂരിലെ അൾട്രാഡീപ് സബ്‌സി കമ്പനിയിൽ ഷിപ്പ് ബിൽഡിംഗ് ആന്റ് ഡിസൈൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് ആഗോള വിപണിയിൽ ഇന്ത്യക്കായി ഉന്നത നിലവാരമുള്ള ഇ-മൊബിലിറ്റി ബ്രാൻഡ് എന്ന ആശയത്തിലേയ്ക്ക് ജിത്തു എത്തിച്ചേരുന്നത്. കമ്പനി രജിസ്ട്രേഷനു പിന്നാലെ സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ് മിഷന്റേയും അംഗീകാരം നേടിയിട്ടുണ്ട്. ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യൻ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പാണ് ‘വാൻ’ എന്നതും വാനിന്റെ പ്രത്യേകതയാണ്.

ഓസ്ട്രിയ ആസ്ഥാനമായ കെടിഎമ്മിന്റെ ഭാഗമായ കിസ്കയ്ക്കാണ് കമ്പനിയുടെ ബ്രാൻഡിങ് പ്രൊ‍ഡക്ട് ഡെവലപ്മെന്റ് ചുമതലകൾ. ലോകോത്തര മോട്ടോർ സൈക്കിൾ നി‍‍ർമാതാക്കളായ ബെനെല്ലിയുമായി സാങ്കേതിക പങ്കാളിത്തവുമുണ്ട്. സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണം ദൗത്യമായി ഏറ്റെടുക്കുകയാണ് വാൻ.

ആഗോളതലത്തിൽ സ്വാധീന ശക്തിയാകാൻ കഴിയുന്ന ബ്രാൻഡായി വാനിനെ മാറ്റുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിൽ കമ്പനിയുടെ വികസന കേന്ദ്രങ്ങളും നിർമ്മാണ സൗകര്യങ്ങളും ഉടൻ സ്ഥാപിക്കും. നിലവിൽ വാനിന്റെ അസംബ്ലിങ് യൂണിറ്റ് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Top