malayalees in missing Indian Air Force Plane

കോഴിക്കോട്: ചെന്നൈയില്‍നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്കു പോകവെ കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ടു മലയാളികളും ഉണ്ടായിരുന്നതായി സൂചന.

പോര്‍ട്ട്‌ബ്ലെയറിലെ നാവികസേനാ ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം സ്വദേശി വിമല്‍ (36), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെ കാണാതായതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

വിമലിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വിമല്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആന്‍ഡമാനിലേക്കു പോകുകയാണെന്നും അറിയിച്ചിരുന്നു.

പിന്നീടു വിമലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഇവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെ പന്ത്രണ്ട് കപ്പലുകളും തീരസംരക്ഷണസേനയുടെ അഞ്ചു കപ്പലുകളും ഒരു മുങ്ങിക്കപ്പലുമടക്കം വന്‍ സന്നാഹമാണ് തിരച്ചില്‍ നടത്തുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാവിലെ ചെന്നൈയിലെത്തും.

Top