മലയാളിയുടെ മഹാനടന്‍ മധു നവതിയുടെ നിറവില്‍

കോഴിക്കോട്: മലയാളിയുടെ മഹാനടന്‍ മധു നവതിയുടെ നിറവില്‍. അറുപതു വര്‍ഷമായി മലയാള സിനിമയില്‍ സജീവസാന്നിധ്യമായ നടനാണ് മാധവന്‍ നായര്‍ എന്ന മധു. ആറുപതിറ്റാണ്ട് നീണ്ട മധുവിന്റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദകര്‍ക്ക്.കോളേജ് അധ്യാപകന്റെ തൊഴില്‍ ഉപേക്ഷിച്ച് ചലച്ചിത്ര അഭിനയരംഗത്തെത്തിയ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്.12 സിനിമകള്‍ സംവിധാനം ചെയ്തു. 15 സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയുടെ കാരണവര്‍ എന്ന വിളിപ്പേരിന് അര്‍ഹനായ പ്രിയനടന് ജന്മദിനാശംസകള്‍ നേരുകയാണ് സാംസ്‌കാരിക കേരളം.

തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുന്‍ മേയര്‍ ആര്‍ പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. നാട്ടിന്‍പുറത്തെ നാടകങ്ങള്‍ കണ്ടാണ് നടനാകാന്‍ മോഹിച്ചത്. നാഗര്‍കോവിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളെജില്‍ ഹിന്ദി അധ്യാപകനായിരിക്കെ 1959-ല്‍ ദല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാനായി അധ്യാപകന്റെ തൊഴില്‍ ഉപേക്ഷിച്ചു.

1964-ലായിരുന്നു മധുവിന്റെ വിവാഹം. പ്രൈമറി സ്‌കൂള്‍ കാലം തൊട്ട് അറിയാവുന്ന എം ജയലക്ഷ്മിയായിരുന്നു ഭാര്യ. ഏക മകള്‍ ഉമ. നിരവധി പുരസ്‌കാരങ്ങളും അറുപതാണ്ടു കാലത്തെ അഭിനയജീവിതത്തില്‍ മധുവിനെ തേടിയെത്തി. 2004-ല്‍ മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്, 2013-ല്‍ പത്മശ്രീ പുരസ്‌കാരം തുടങ്ങി എത്രയെത്ര അംഗീകാരങ്ങള്‍, ബഹുമതികള്‍. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും മധു പ്രവര്‍ത്തിച്ചു.

നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ് ആദ്യം പുറത്തിറങ്ങിയ മധുവിന്റെ ചിത്രം. സിനിമയിലെ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് മധുവിനെ തേടി സിനിമകളുടെ പ്രവാഹമായിരുന്നു. കുട്ടിക്കുപ്പായം, ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, കാട്ടുപൂക്കള്‍, ഈറ്റ , തീക്കനല്‍, അഭിനയസാധ്യതയുടെ ഒരു വലിയ ലോകം മധുവിന്റെ മുന്നില്‍ തുറന്നു.

1963-ല്‍ നിണമണിഞ്ഞ കാല്‍പാടുകളില്‍ വേഷമിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കുന്ന സ്റ്റീഫന്‍ എന്ന സൈനികനെയാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ ഗാനരചയിതാവായിരുന്ന പി ഭാസ്‌കരനാണ് മാധവന്‍ നായരുടെ പേര് മധു എന്നാക്കി മാറ്റിയത്.

1964-ല്‍ റിലീസ് ചെയ്ത ഭാര്‍ഗവീനിലയത്തില്‍ എഴുത്തുകാരനായി വേഷമിട്ട മധു ആ സിനിമയുടെ നട്ടെല്ലായിരുന്നു. ഭാര്‍ഗവീനിലയത്തിന്റെ വിജയം മധുവിന് പകര്‍ന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. 1965-ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പരീക്കുട്ടി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച കാല്‍പനിക കഥാപാത്രങ്ങളിലൊന്നായി മാറി.

ചെമ്മീനിനുശേഷം മലയാളത്തിലേക്ക് രാഷ്ട്രപതിയുടെ മെഡല്‍ രണ്ടാമത് എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ വിശ്വം എന്ന നായകകഥാപാത്രത്തെ അനശ്വരമാക്കി. തുടര്‍ന്ന് എം ടിയുടെ കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരത്തിലെ ബാപ്പുട്ടി, തകഴിയുടെ ഏണിപ്പടികളിലെ കേശവന്‍പിള്ള, രമണനിലെ മദനന്‍, തുടങ്ങി നിരവധി വേഷങ്ങളില്‍ മധു തിളങ്ങി. മലയാളത്തിനു പുറമേ, ഹിന്ദിയിലും തമിഴിലും മധു വേഷമിട്ടു. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയില്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലായിരുന്നു മധു.

Top