ഉത്രാട ദിനത്തില്‍ മാത്രം മലയാളികള്‍ കുടിച്ചത് 75 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് കേരളം. ഉത്രാടദിനത്തില്‍ മാത്രം 75 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വര്‍ഷം കരുനാഗപ്പള്ളിയും ചാലക്കുടിയുമായിരുന്നു മുന്നിലെങ്കില്‍ ഇത്തവണ തിരുവനന്തപുരം നഗരത്തിലെ പവര്‍ ഹൗസ് റോഡിലെ ബെവ്‌കോയിലാണ് ഉത്രാടത്തിന് ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത്. 1.04 കോടിയായിരുന്നു ഒറ്റദിനത്തിലെ വില്‍പ്പന.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇത്തവണ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ച ഓണ്‍ലൈന്‍ വില്‍പ്പനയും വിജയകരമായിരുന്നെന്നാണ് നിഗമനം. 10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിറ്റത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബെവ്‌കോകളില്‍കൂടി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് സംവിധാനമൊരുക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആകെ 265 മദ്യശാലകളാണ് ഉള്ളത്.

കൂടാതെ, ഉത്രാടം വരെയുള്ള പത്തു ദിവസം കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള മദ്യവില്‍പ്പന 60 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 36 കോടിയായിരുന്നു. ഇക്കൊല്ലം അത് ഇരട്ടിയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 39 സ്ഥാപനങ്ങളില്‍ പതിവുപോലെ കുന്നംകുളത്തെ വിദേശമദ്യ ശാലയിലാണ് ഉത്രാട ദിനത്തില്‍ ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത്.

Top