മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ

മുംബൈ : മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ. താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജ്വല്ലറി ഉടമകളായ തൃശൂര്‍ സ്വദേശി സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും അറസ്റ്റ് ചെയ്തത്.

താനെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് വൈകിട്ട് മൂന്നുമണിക്കാണ് അറസ്റ്റ്. സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‍വിൻ ഗ്രൂപ്പിനെതിരായ പരാതി.

ഒരു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപവരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോൾ മൂന്ന് മാസം മുൻപ് കടകളെല്ലാം പൂട്ടി പ്രതികൾ മുങ്ങി. ജ്വല്ലറികളിലെ സ്വർണമെല്ലാം മാറ്റിയ ശേഷമാണ് പ്രതികൾ മുങ്ങിയതെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ മുംബൈയിലും താനെയിലും പൂനെയിലും തുടങ്ങി ജ്വല്ലറിക്ക് ശാഖകളുള്ള ഇടങ്ങളിലെല്ലാം ആയിരിക്കണക്കിനാളുകൾ പരാതിയുമായെത്തി.

താനെയിൽ മാത്രം 25 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഒളിവിലാണെങ്കിലും സ്ഥാപനത്തെ തകർക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന വീഡിയോ സന്ദേശം ഇടയ്ക്കിടെ ഇരുവരും പുറത്ത് വിട്ടിരുന്നു.

Top