Malayalam writer Ambalapuzha Gopakumar-Amritakeerti Puraskar

കൊല്ലം :2016 ലെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത മലയാള സാഹിത്യകാരന്‍ അമ്പലപ്പുഴ ഗോപകുമാര്‍ അര്‍ഹനായി.

ആദ്ധ്യാത്മിക-തത്വചിന്ത സാംസ്‌കാരിക സാഹിത്യ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

1,23456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ എന്‍ പി ഉണ്ണികവി ,പി നാരായണക്കുറുപ്പ് ,ഡോ ശങ്കര്‍ അഭയങ്കര്‍, പ്രതിഭാ റായ്,മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി,സ്വാമി തുരിയാമൃതാനന്ദപുരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്.

ചൊവ്വാഴ്ച സെപ്തംബര്‍ 27ന് അമൃതപുരിയില്‍ നടക്കുന്ന അമ്മയുടെ 63 -ാം ജന്മദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

നിലവില്‍ അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റ് അദ്ധ്യക്ഷനായ ഗോപകുമാര്‍, സമസ്തകേരള സാഹിത്യ പരിഷത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.

ആദ്ധ്യാത്മിക സാംസ്‌കാരിക മാസിക “ശ്രീവത്സ”ത്തിന്റെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിക്കുന്നുണ്ട്.മലയാളത്തില്‍ ഉന്നത ഗവേഷണ ബിരുദം
കരസ്ഥമാക്കിയ അമ്പലപ്പുഴ ഗോപകുമാര്‍ മുപ്പതു വര്‍ഷത്തിലേറെ ആലപ്പുഴ എസ് ഡി കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്നു.

കവിത,നിരൂപണം,ലേഖനം എന്നീ മേഖലകളിലായി നിരവധി ഗ്രന്ഥ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിണ്ട് .

ഉദയത്തിന് മുന്‍പ് ,ഇടയന്റെ പാട്ട് ,ശ്യാമകൃഷ്ണന്‍,മാന്യമഹാജനം , അമൃതപുരിയിലെ കാറ്റ്,അമൃത ദര്‍ശനം,ഹരിമാധവം, ഗംഗാ മയ്യാ,തുടങ്ങിയാണ് അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങള്‍ .

സുകൃത പൈതൃകം,തിരകള്‍ മായ്ക്കാത്ത പാദമുദ്രകള്‍,സത്യത്തിന്റെ നാനാര്‍ഥങ്ങള്‍,കുഞ്ചന്‍ നമ്പ്യാര്‍, അമ്പലപ്പുഴ ക്ഷേത്ര ചരിത്രം,വേലകളി,പള്ളിപ്പന,അമ്പലപ്പുഴ സഹോദരന്മാര്‍,പതിനാലു വൃത്തം തുടങ്ങിയ പഠനങ്ങള്‍ നളചരിതം, സ്വപ്നവാസവദത്തം, കരുണ,ചണ്ഡാല ഭിക്ഷുകി, അദ്ധ്യാത്മ രാമായണത്തിലെയും മഹാഭാരതത്തിലെയും ചില ഭാഗങ്ങള്‍-വ്യാഖ്യാന പഠനങ്ങള്‍,തകഴിയെക്കുറിച്ചുള്ള എന്റെ ഉള്ളിലെ കടല്‍ ,ചങ്ങമ്പുഴയെപ്പറ്റിയുള്ള ലീലാങ്കണം, കൈരളിയുടെ വരദാനങ്ങള്‍, കുഞ്ചന്റെ ചിലമ്പൊലി, ശാരിക സന്ദേശം എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍.

പ്രൊഫസ്സര്‍ കോഴിശ്ശേരി ബാലരാമന്‍ അവാര്‍ഡ്, നാരായണീയം പുരസ്‌കാരം സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ഏകതാ സാഹിത്യ പുരസ്‌കാരം ,വസുദേവ പുരസ്‌കാരം, ബാല സംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ആദ്ധ്യാത്മികത, ദര്‍ശനം ,വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അസാധാരണ മികവു പുലര്‍ത്തുന്നവര്‍ക്ക് 2001 മുതലാണ് അമൃത കീര്‍ത്തി പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.

Top