മലയാളത്തിന് സ്വന്തമായി ആംഗ്യ ഭാഷയില്‍ അക്ഷരമാല പുറത്തിറക്കി

തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യ ഭാഷയില്‍ അക്ഷരമാല പുറത്തിറക്കി. ബധിര വിദ്യാലയങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നത്തിന് പുതിയ ലിപി വരുന്നതോടെ പരിഹാരമാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എന്ന സ്ഥാപനമാണ് ഫിംഗര്‍ സ്പെല്ലിംഗ് എന്ന ലിപി രൂപ കല്‍പന ചെയ്തത്. പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു അറിയിച്ചു.

നിരവധി ആശയക്കുഴപ്പങ്ങള്‍ക്കും സംശയങ്ങള്‍ക്കും തിരശീലയിട്ടാണ് പുതിയ ലിപി രൂപം കൊണ്ടത്. ചുണ്ടുകളുടെ ചലനങ്ങിലൂടെ നടന്നിരുന്ന ആശയ വിനിമയവും, വാക്കുകള്‍ എഴുതി കാണിക്കേണ്ടി വരുമ്പോള്‍ ശൂന്യതയിലോ കുട്ടികളുടെ കയ്യിലോ എഴുതികാണിച്ചിരുന്ന രീതിയും ഇനി മാറും. മലയാളത്തിന് ആംഗ്യ ഭാഷയില്‍ അക്ഷരമാല ഇല്ലാതിരുന്ന ബധിര വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നത്തിനും ഇതോടെ പരിഹാരമാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം ഇതു ശ്രവണ പരിമിതര്‍ക്കുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിഷിലെ ആംഗ്യ ഭാഷാ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഫിംഗര്‍ സ്പെല്ലിംഗ് എന്ന ലിപി വികസിപ്പിച്ചത്.

Top