മലയാള സിനിമകള്‍ വെള്ളി മുതല്‍ തിയേറ്ററില്‍, ആദ്യ റിലീസ് സ്റ്റാര്‍, ആന്റണി കനിഞ്ഞാല്‍ മരയ്ക്കാറും

തിരുവനന്തപുരം: മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ റിലീസ് ചെയ്യാന്‍ ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനം. ജോജു ജോര്‍ജ് നായകനായ ചിത്രം ‘സ്റ്റാര്‍’ ആണ് ആദ്യം റിലീസ് ചെയ്യുക. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്റര്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവയുടെ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ആറുമാസത്തിന് ശേഷം തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നത്. ഇന്നു മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്തത്.

കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമാണ് സിനിമാ പ്രദര്‍ശനം പുനരാംരംഭിച്ചത്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സംഘടനകള്‍ സര്‍ക്കാരിനുമുന്നില്‍വച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും ആവശ്യം. അതേസമയം വിവിധ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷം ആവശ്യങ്ങള്‍ പിന്നീട് അനുഭാവപൂര്‍വം പരിഗണിക്കാമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചത്.

Top