‘വെള്ള’ത്തിന്റെ വ്യാജ പതിപ്പ്; നടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കൾ

കൊച്ചി : ജയസൂര്യയെ നായകനാക്കി പ്രജീഷ് സെൻ സംവിധാനം ചെയ്ത ചിത്രം ‘വെള്ള’ത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കോവിഡിനെ തുടർന്ന് അടഞ്ഞ കിടന്ന തീയേറ്റർ തുറന്നതിനു ശേഷം ആദ്യം എത്തിയ മലയാള ചിത്രമായിരുന്നു ‘വെള്ളം’.

ചിത്രം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

ഫ്രണ്ട്‌ലി പ്രോഡക്ഷന്‍സിന്റ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജപതിപ്പ് ഇറക്കിയതിന്റെ വീഡിയോ സഹിതം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍മാതാവ് രഞ്ജിത് മണബ്രക്കാട്ട് പത്ര സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

Top