മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണമെന്ന് എം.സി. ജോസഫൈന്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയില്‍ സ്ത്രീകളെ ആക്രമിക്കുകയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഇങ്ങനെയാണോ സമൂഹം സ്ത്രീകളോട് പെരുമാറേണ്ടതെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണമെന്നും അവര്‍ പറഞ്ഞു. സൈബര്‍ ആക്രമണത്തിന് ഇരയായ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സന്ദര്‍ശിച്ചശേഷമായിരുന്നു വനിത കമ്മീഷന്റെ പ്രതികരണം.

ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അതിന് അതിന്റെതായ അന്തസും മാന്യതയും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്‍ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

അതേസമയം ജോസഫൈയ്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ് ഡിജിപിക്ക് നേരിട്ട് കത്ത് നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും, കമ്മീഷന്‍ അധ്യക്ഷയുടെ സുതാര്യമായ അഭിപ്രായങ്ങള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചും തെറ്റിദ്ധാരണ പുലര്‍ത്തുന്ന വിധവുമാണ് ചാനല്‍ വാര്‍ത്തയായി നല്‍കിയിരിക്കുന്നതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

Top