തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്ററുകളോട് കിട പിടിക്കാൻ മലയാള സിനിമ പോസ്റ്ററുകളും

കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് പൊടിപൊടിക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്ന ചില മലയാള സിനിമയുടെ പോസ്റ്ററുകള്‍ കൂടിയുണ്ട്. ഈ കൊറോണ സമയത്ത് രാഷ്ട്രീയ പാർട്ടികൾ പോസ്റ്ററുകളെ പ്രധാന പ്രചാരണ ആയുധമാക്കുമ്പോഴാണ് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായി എത്തുന്ന താരങ്ങളും അവരുടെ വാഗ്ദാനങ്ങളും അടങ്ങുന്ന പോസ്റ്ററുകൾ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ എന്ന സിനിമയുടെയും കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന സിനിമയുടെയും പ്രമോഷന്‍ പോസ്റ്ററുകളാണ് ഇവ.

‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ എന്ന സിനിമയിൽ അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണുള്ളത്. മായക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെ മസിൽമാൻ റിയാസ് ഖാന്റെ പോസ്റ്ററുമാണ് നിറയുന്നത്. ‘പൊളിയാത്ത പാലത്തിന്, പൊളിയാത്ത റോഡിന്, പൊളിയാത്ത വികസനത്തിന് ഒ.എം രമേശനെ വിജയിപ്പിക്കുക’ എന്നാണ് അർജുൻ അശോകന്റെ പോസ്റ്ററിലെ വാഗ്ദാനമെങ്കിൽ, ‘രോഗം വന്ന അവയവങ്ങൾ എടുത്തുമാറ്റി അവിടം കംപ്യൂട്ടർ വൽക്കരിക്കും, കോടാലി കുന്നു ഗ്രാമത്തിൽ ശസ്ത്രക്രിയകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങും, പടുകൂറ്റൻ എയർപോർട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടേറിയറ്റ് എന്നിവ യാഥാർഥ്യമാക്കും, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിത്തൊഴിലാളികൾക്ക് പ്രത്യേക പെൻഷൻ പാക്കേജ് അനുവദിക്കുന്നതാണ്. ഹാർട്ട് വേണോ..കിഡ്നി വേണോ..കരളു വേണോ, ലൈവിൽ വരൂ..നന്മമരം ഒപ്പ്’ എന്നിങ്ങനെയാണ് റിയാസ് ഖാന്റെ പോസ്റ്ററിലെ വാഗ്ദാനങ്ങൾ. ഇത്തരം രസികൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളടങ്ങുന്നതാണ് പോസ്റ്ററുകൾ.

നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായി എത്തുന്ന റിയാസ് ഖാന്റെ ചിഹ്നം കിഡ്ണി ആണ്. മെമ്പർ രമേശനായി അവതരിപ്പിക്കുന്ന അര്‍ജുന്‍ അശോകന്റെ ചിഹ്നം അണിയറപ്രവത്തകർ പുറത്തു വിട്ടിട്ടില്ല. ഓൺലൈൻ ചാരിറ്റി പ്രവ‍ർത്തനങ്ങളിലൂടെ സമീപകാലത്ത് സോഷ്യൽമീഡിയയിലുള്‍പ്പെടെ സംസാര വിഷയമായ ചിലരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് മായക്കൊട്ടാരം എന്നാണ് സൂചന.

Top