വെട്ടിനിരത്തല്‍ ഭയന്ന് ആരും മത്സരിച്ചില്ല , മലയാള സിനിമ ദിലീപിന്റെ നിയന്ത്രണത്തില്‍

actor Dileep

കൊച്ചി: താര സംഘടന പിടിക്കാന്‍ കോപ്പ്കൂട്ടിയവര്‍ തിരിച്ചടി ഭയന്ന് പിന്‍മാറിയത് അവസാന നിമിഷം.

ലേഡി സൂപ്പര്‍ സ്റ്റാറിന്റെയും യുവ സൂപ്പര്‍ താരത്തിന്റെയും നേതൃത്വത്തില്‍ നേതൃതലത്തില്‍ മത്സരമുണ്ടാക്കാന്‍ കൊച്ചി കേന്ദ്രീകരിച്ച് വലിയ ചരടുവലികളാണ് നടന്നിരുന്നത്.

ഇതിന് പിന്തുണ നല്‍കി അണിയറയില്‍ ചരട് വലിച്ച പ്രമുഖ നിര്‍മാതാവും അവസാന നിമിഷം ഉള്‍വലിഞ്ഞു. വിരലിലെണ്ണാവുന്ന താരങ്ങളുടെ പിന്തുണ മാത്രമാണ് ഈ ‘തിരുത്തല്‍വാദി’കള്‍ക്ക് കിട്ടിയത്.

ദിലീപിനെ പുറത്താക്കിയ അമ്മ എക്‌സിക്യുട്ടീവില്‍ പങ്കെടുത്ത് പരസ്യമായ അഭിപ്രായപ്രകടനം നടത്തിയ ആസിഫ് അലി പോലും ബദല്‍ പാനല്‍ വച്ച് മത്സരിക്കാനുള്ള നീക്കത്തിന് എതിരായിരുന്നു. ഇതോടെയാണ് മത്സരിക്കേണ്ടതില്ലന്ന നിലപാടില്‍ തിരുത്തല്‍വാദികള്‍ എത്തിയതെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തമാവാതെ ഒരു സംഘടനയുടെയും തലപ്പത്തേക്ക് ഇല്ലന്ന നിലപാടിലാണ് നടന്‍ ദിലീപ്.

‘അമ്മ’യോട് സഹകരിക്കാതെ മാറി നില്‍ക്കുമ്പോഴും അദ്ദേഹത്തിനു വേണ്ടി ശക്തമായി നിലപാട് സ്വീകരിക്കുന്നവരാണ് ഇപ്പോള്‍ പുതുതായി സംഘടനാ തലപ്പത്ത് വരുന്നത്. ദിലീപ് അണിയറയില്‍ നിന്നും ചരട് വലിച്ചതുകൊണ്ടാണ് എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അദ്ദേഹത്തിന്റെ കടുത്ത അനുകൂലികള്‍ കയറിപറ്റിയതെന്ന വിമര്‍ശനം എതിര്‍വിഭാഗം ഉന്നയിക്കുന്നുണ്ട്.

swetha,honey,rachana

ശ്വേതാ മേനോന്‍ ,മുത്തുമണി, ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍’ ദിലീപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത രമ്യാ നമ്പീശന്‍ പടിക്ക് പുറത്തുമായി. മറ്റൊരു എതിരാളി റിമാ കല്ലിങ്കല്‍ നോമിനേഷന്‍ കൊടുക്കാന്‍ പോലും ധൈര്യപ്പെട്ടില്ല.

24 ന് ചേരുന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനോടനുബന്ധിച്ച് നടക്കുന്ന തെരെഞ്ഞെടുപ്പിലേക്കായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയ്യതി കഴിഞ്ഞതിനാല്‍ ഇനി നടപടി ക്രമങ്ങള്‍ എളുപ്പത്തിലാകും.

അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മുട്ടിയും ഒഴിയുന്നതോടെ മോഹന്‍ലാലും ഇടവേള ബാബുവുമാണ് ആസ്ഥാനങ്ങളില്‍ എത്തുക.

കെ ബി ഗണേഷ് കുമാറും മുകേഷും ആണ് വൈസ് പ്രസിഡന്റുമാര്‍, സിദ്ദീഖ് ജോയിന്റ് സെക്രട്ടറിയാകും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം അടിയുറച്ച് നിന്നവരാണ് ഇവരെല്ലാം.

ജഗദീഷ് ട്രഷററാകും. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ ബാബുരാജ് ഒഴികെയുള്ളവര്‍ ദിലീപുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.

വിശദീകരണം പോലും വാങ്ങാതെ ഏകപക്ഷീയമായി ദിലീപിനെ പുറത്താക്കിയത് ജനറല്‍ ബോഡി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് കാരണമാകുമെന്നാണ് സൂചന. ഈ സംഭവത്തെ തുടര്‍ന്ന് ദിലീപ് മമ്മുട്ടിയുമായി ഇപ്പോള്‍ നല്ല അടുപ്പത്തിലല്ല.

സംഘടന തലപ്പത്തില്ലങ്കിലും അമ്മയുടെ നിയന്ത്രണം ദിലീപിന്റെ കൈകളില്‍ വന്നത് തിരുത്തല്‍വാദി സംഘത്തിന് ഇനി വലിയ വെല്ലുവിളിയായി മാറും.

വുമണ്‍ ഇന്‍ സിനിമ കലക്ടീവ് സംഘടനയുടെ കൊമ്പ് മുറിക്കാന്‍ ഉദ്യേശിച്ച് കൂടിയാണ് നാല് നടിമാരെ എക്‌സിക്യുട്ടീവില്‍ എടുത്തത്.

Top