വിജയ് ചിത്രം ‘ലിയോ’യിൽ ജോയിന്‍ ചെയ്ത് മലയാളി നടി; പുതിയ അപ്ഡേറ്റ്

ചെന്നൈ: വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

വലിയ താരനിര തന്നെ അണിനിരക്കുന്ന ലിയോയില്‍ പുതിയ ഒരു താരം കൂടി എത്തിയെന്നാണ് പുതിയ വാര്‍ത്ത. മലയാളിയായ നടി മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇതിനകം തന്നെ വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നേരത്തെ വിജയ് സേതുപതി ധനുഷ് ചിത്രങ്ങളിലൂടെ തമിഴില്‍ പരിചിതയായ നടിയാണ് മഡോണ. 2015 ല്‍ മഡോണ അരങ്ങേറ്റം കുറിച്ച ചിത്രം പ്രേമം തമിഴ്നാട്ടിലും വലിയ ഹിറ്റായിരുന്നു.

അതേ സമയം ലിയോ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 100 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു രംഗം ചെന്നൈയില്‍ ചിത്രീകരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പതിവ് വിജയ് ചിത്രത്തിലേതുപോലെ ഡാൻസ് രംഗം ‘ലിയോ’യിലും ആവേശമാകുന്നതാകും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്.

Top