‘മാമാങ്കം’ അവസരം നഷ്ടമായി; മാളവികയുടെ തിരക്ക് അനുസിത്താരയ്ക്ക് അനുഗ്രഹമായി

തിരക്ക് നിറഞ്ഞ അഭിനയ ജീവിതത്തിനിടയില്‍ പല താരങ്ങള്‍ക്കും നല്ല കഥാപാത്രങ്ങള്‍ നഷ്ടമാവാറുണ്ട്. അത്തരത്തില്‍ മുന്‍പ് നഷ്ടമായ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് താരങ്ങള്‍ രംഗത്തുവരാറുണ്ട്. 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോനാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ മാമാങ്കത്തില്‍ അവസരം നഷ്‌ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

എം. പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. റീഷൂട്ടിനിടെയാണ് ചിത്രം നഷ്ടമായത്. പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിങ്ങനെയാണ് മാളവികയുടെ കുറിപ്പ്.

അനു സിത്താര അവതരിപ്പിച്ച വേഷത്തിലേക്കാണ് മാളവികയെ പരിഗണിച്ചതെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമ സ്വീകരിക്കുന്നതിനിടയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു തനിക്കുണ്ടായതെന്ന് അനു സിത്താര പറഞ്ഞിരുന്നു. അനു സിത്താരയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും വൈറലായി മാറിയിരുന്നു.

Top