വിവാഹമല്ല, സുരക്ഷയാണ് വലുത്; വിവാഹം മാറ്റിവച്ച് പൊലീസ് ഉദ്യോഗസ്ഥ

മൈസൂരൂ: കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ പോരാടുമ്പോള്‍ സ്വന്തം വിവാഹം മാറ്റി വച്ച് മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥ. ഈ സാഹചര്യത്തില്‍ വിവാഹമല്ല, സുരക്ഷയാണ് വലുതെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ മാലവള്ളി സബ്ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ എം.ജെ പൃഥ്‌വി.

മെയ് അഞ്ചിനാണ് ഐആര്‍എസ് ഓഫീസറായ ധ്യായമപ്പ ഐരാണിയും പൃഥ്‌വിയും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ധ്യായമപ്പയുടെ സ്വദേശമായ ധര്‍വാഡുള്ള ശ്രീ ബി.ഡി കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതോടനുബന്ധിച്ച് മൈസൂരൂ സ്വദേശിയായ പൃഥ്‌വി മെയ് 10ന് പൊലീസ് ഭവനില്‍ വച്ച് റിസ്പഷന്‍ നടത്താനും തീരുമാനിച്ചിരുന്നു.

ഇതിനിടയിലാണ് കൊവിഡ് വ്യാപിച്ചതും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും. ഇതോടെ വിവാഹം നീട്ടിവയ്ക്കാന്‍ പൃഥ്‌വി തീരുമാനിക്കുകയായിരുന്നു. എല്ലായിടത്തും കൊവിഡ് വളരെയധികം രൂക്ഷമാണ്. മാലവള്ളിയില്‍ തന്നെ പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലളിതമായ ചടങ്ങ് നടത്തിയാല്‍ പോലും കുറഞ്ഞത് നൂറ് പേരെയെങ്കിലും ക്ഷണിക്കേണ്ടിവരും. അതൊരിക്കലും സുരക്ഷിതമാകില്ല. അതുകൊണ്ടാണ് വിവാഹം നീട്ടിവച്ചതെന്ന് പൃഥ്‌വി പറയുന്നു.

Top