ഒരു ബുള്ളറ്റ് രണ്ട് ഉടമകള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

മലപ്പുറം: ബുള്ളറ്റ് ഓടിക്കാന്‍ സുഹൃത്തിന് നല്‍കിയതിന്റെ പേരില്‍ പുലിവാല് പിടിച്ച്‌ തിരൂര്‍ സ്വദേശിനി. ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാള്‍ക്ക് വാഹനം പണയപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ യുവതി തിരൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി.

എന്നാല്‍ ഈ പരാതി നിലനില്‍ക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആര്‍ടി ഓഫീസില്‍ നിന്ന് വാഹനം സ്വന്തം പേരിലാക്കി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടെ ബുള്ളറ്റിന്റെ പേരില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതിനാല്‍ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.

സംഗതി പ്രശ്‌നമാകുമെന്ന് ഉറപ്പായതോടെ ബുള്ളറ്റ്, കുറച്ച്‌പേര്‍ തിരൂരുകാരിയായ യുവതിയുടെ വീട്ടില്‍ കൊണ്ട് നല്‍കി. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് വാഹനം പൊലീസ് തിരൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. അന്തിമ തീരുമാനം എടുക്കാന്‍ ആര്‍ടി ഓഫീസില്‍ നിന്നുള്ള രേഖയുമായി എത്താന്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

Top