“മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മതനിരപേക്ഷതയുടെ സ്കാനിംഗ് രേഖ”

തിരുവനന്തപുരം: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സ്മൃതി മണ്ഡപം നിലകൊള്ളുന്ന പൊറ്റശ്ശേരിയില്‍ നിന്നും കൊടിയത്തൂരിലേക്ക് നടത്തിയ ‘SECULAR WALK’ എന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു മുഹമ്മദ് റിയാസ് അബ്ദുറഹിമാന്‍ സാഹിബിനെ അനുസ്മരിച്ച് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്.

മതനിരപേക്ഷത മുറുകെ പിടിച്ചു തന്റെ ജീവിതം ഒരു നാടിന്റെ ചരിത്രമാക്കി മാറ്റിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അവസാന പ്രസംഗം നടന്ന സ്ഥലവും മരിച്ചുവീണ പ്രദേശവും സെക്കുലര്‍ വാക്കിന്റെ ആരംഭ, സമാപന കേന്ദ്രമായി തിരഞ്ഞെടുത്ത ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം മാതൃകാപരമാണെന്ന് മുഹമ്മദ് റിയാസ് കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
മതനിരപേക്ഷതയുടെ സ്കാനിംഗ് രേഖ.”

“ഇന്ത്യ വിഭജിക്കരുത്,ഇന്ത്യ വിൽക്കരുത് ” എന്ന മുദ്രാവാക്യമുയർത്തി
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സ്മൃതി മണ്ഡപം നിലകൊള്ളുന്ന പൊറ്റശ്ശേരിയില്‍ നിന്നും അദ്ധേഹത്തിന്റെ അവസാന പ്രസംഗം കൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂരിലേക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘SECULAR WALK’ എന്ന DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടിയിൽ പങ്കുകൊണ്ടു.

DYFI ഉൾപ്പെടെ വ്യത്യസ്ത സംഘടനകളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൗരത്വനിയമത്തിനെതിരെ വിവിധ പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ ഒരു മത്സരാടിസ്ഥാനത്തിൽ കാണുന്ന സംഘടനയല്ല ഡിവൈഎഫ്ഐ. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇപ്പോളത്തെ വിഷയങ്ങൾ എന്നതുകൊണ്ട് തന്നെ ഒരു പ്രത്യേക മതവിഭാഗം മാത്രം പ്രക്ഷോഭത്തിൽ പങ്കു കൊണ്ടാൽ മതിയെന്ന് നിലപാടല്ല ഡിവൈഎഫ്ഐ കൈക്കൊണ്ടിട്ടുള്ളത്. മതനിരപേക്ഷ മനസ്സുകളാകെ പൗരത്വ നിയമത്തിനെതിരെ കൈകോർക്കണമെന്ന അഭിപ്രായമാണ് ഡിവൈഎഫ്ഐക്കുള്ളത് . എന്നാൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ ന്യൂനപക്ഷ മതമൗലികവാദ പ്രസ്ഥാനമായ ജമായത്ത് ഇസ്ലാമി , തീവ്രവാദ പ്രസ്ഥാനമായ SDPI എന്നിവയുമായും അവരുമായി ബന്ധമുള്ളവരുമായ സംഘടനകളുമായും കൈകോർക്കുന്നതിനോട് ഡിവൈഎഫ്ഐക്ക് യോജിപ്പില്ല. സംഘപരിവാറിനേപ്പോലെ മതസാമുദായിക സ്പർദ്ധ വളർത്തുന്ന പ്രവർത്തനമാണ് ജമാഅത്ത് ഇസ്ലാമിയും SDPI യും നടത്തുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര സമര ഘട്ടങ്ങളിൽ DIVIDE & RULE വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കോളനി ശക്തികളുടെ ആഗ്രഹം സാഫല്യമാക്കിയതിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം സംഘടനകൾക്കും,മതരാഷ്ട്രവാദമുയർത്തുന്ന സംഘടനകൾക്കും ജന്മം കൊടുക്കുന്നതിലും അവയെ വളർത്തുന്നതിലും ബ്രിട്ടീഷ് സാമ്രാജ്യത്വം നിർണായക പങ്കുവഹിച്ചിരുന്നു.

ന്യൂനപക്ഷ തീവ്രവാദ മതരാഷ്ട്ര വാദികൾക്ക് കണ്ണിലെ കരടായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് .
വിമോചന പോരാട്ടത്തിന്റെ ഭാഗമായി 48 വർഷംക്കാലത്തെ തന്റെ ജീവിതത്തിൽ,9 വർഷവും അദ്ദേഹം ജയിലിൽ ആയിരുന്നു.1945 നവംബർ 23ന് അദ്ദേഹം തന്റെ ജീവിതത്തിലെ അവസാന പ്രസംഗം നടത്തിയത് കോഴിക്കോട് മുക്കത്തിനടുത്ത് കൊടിയത്തൂരിൽ ആയിരുന്നു.

രണ്ടര മണിക്കൂർ നീണ്ടുനിന്ന ഉജ്ജ്വലമായ പ്രസംഗത്തിന്റെ പൊരുൾ മുസ്ലിം മതവിശ്വാസികൾ ഹിന്ദു സഹോദരന്മാരുമായി തോളോട് തോൾ ചേർന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്നായിരുന്നു. പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. അന്ന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പ്രസംഗിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ ‘ഗോബാക്ക്’ വിളിച്ച് മുസ്ലിം മതരാഷ്ട്രവാദികൾ മുന്നോട്ടുവന്നിരുന്നു എന്ന് നാം ഓർക്കേണ്ടതുണ്ട്. അന്ന് അബ്ദുറഹിമാൻസാഹിബിനെ ആർ എസ് എസിനൊപ്പം കല്ലെറിഞ്ഞ ന്യൂനപക്ഷ മതതീവ്രവാദികളും ഭീകരവാദികളും ഇന്ന് പിണറായി വിജയനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും കല്ലെറിയുന്നുവെന്ന പ്രത്യേകതയും നമ്മുടെ മുമ്പിലുണ്ട്. ഇതിനു കാരണം രണ്ടുപേരും കൈക്കൊള്ളുന്ന നിലപാട് ഒന്നു തന്നെയാണ് എന്നുള്ളതാണ്.

സ്വാതന്ത്ര സമരത്തെ വിഭജിക്കുവാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിച്ച് മതനിരപേക്ഷത മുറുകെ പിടിച്ചു തന്റെ ജീവിതം ഒരു നാടിന്റെ ചരിത്രമാക്കി മാറ്റിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അവസാന പ്രസംഗം നടന്ന സ്ഥലവും മരിച്ചുവീണ പ്രദേശവും സെക്കുലർ വാക്കിന്റെ ആരംഭ, സമാപന കേന്ദ്രമായി തിരഞ്ഞെടുത്ത ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം മാതൃകാപരമാണ്.തൃശൂരിലും ഡിവൈഎഫ്ഐ യൂത്ത് മാർച്ചിന്റെ സമാപനത്തിന് തെരഞ്ഞെടുത്ത സ്ഥലം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജന്മസ്ഥലമായ കൊടുങ്ങല്ലൂർ ആയിരുന്നു എന്നതും ഏറെ ആവേശകരമാണ്.

അബ്ദുറഹിമാൻ സാഹിബിന്റെ യുവത്വകാലം ഇന്നായിരുന്നെങ്കിൽ DYFI യുടെ നേതൃത്വമായി അദ്ദേഹമുണ്ടാകുമായിരുന്നു എന്ന് രാഷ്ട്രീയ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മതരാഷ്ട്ര വാദങ്ങളെ തള്ളി ജനങ്ങളെ മതനിരപേക്ഷതക്ക് കീഴിൽ അണിനിരത്തിയത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതവർഗീയശക്തികളെയും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാറിനെയും നേരിടാൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സ്മരിച്ചതിലൂടെ വർത്തമാന കാലഘട്ടത്തിലെ പോരാട്ടങ്ങൾക്ക് ഊർജ്ജമായി മാറിയിരിക്കയാണ് ഡിവൈഎഫ്ഐ യുടെ SECULAR WALK…
-പി എ മുഹമ്മദ് റിയാസ് –

Top