ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വ്വേ; മലപ്പുറം പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌

ന്യൂഡല്‍ഹി: ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വ്വേയില്‍ മികച്ച നേട്ടം കരസ്ഥമാക്കി കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍.

മലപ്പുറം 44.1 ശതമാനം വളര്‍ച്ചയോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും കോഴിക്കോട് നഗരം നാലാം സ്ഥാനത്തും കൊല്ലം പത്താം സ്ഥാനത്തും ഇടംപിടിച്ചു. ലോകത്തില്‍ അതിവേഗം വളരുന്ന ആദ്യ പത്ത് നഗരങ്ങളിലാണ് ഈ മൂന്ന് നഗരങ്ങള്‍ ഇടം പിടിച്ചത്.

ഇന്ത്യയില്‍ നിന്ന് ആദ്യ പത്തില്‍ ഇടംപിടിച്ച മൂന്ന് നഗരങ്ങളും കേരളത്തില്‍ നിന്നാണെന്നതും പ്രത്യേകതയാണ്. ലോകത്തെ ഗ്രാമീണ ജനസംഖ്യയിലും ഇന്ത്യയാണ് ഒന്നാമത്. അതേസമയം മികച്ച ജീവിത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടമില്ല.

സാംസ്‌കാരിക നഗരമായ തൃശ്ശൂര്‍ 30.2 ശതമാനം മാറ്റത്തോടെ പതിമൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ ഗുജറാത്ത് ഇരുപത്തിയേഴാം സ്ഥാനത്തും തിരുപ്പൂര്‍ മുപ്പതാം സ്ഥാനത്തുമാണ്.

മലപ്പുറത്തിന് പിന്നിലായി രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ കാന്തോ നഗരമാണ്, 36.7 ശതമാനമാണ് ഈ നഗരത്തിലെ അതിവേഗ വളര്‍ച്ച. ചൈനയിലെ സുഖ്യാന്‍ (36.6%) നാലാം സ്ഥാനത്തുണ്ട്. നൈരീരിയയിലെ അബൂജ, ചൈനയിലെ സുഷോവു, പുറ്റിയന്‍, യുഎഇയിലെ ഷാര്‍ജ, ഒമാനിലെ മസ്‌കറ്റ് എന്നിവയാണ് യഥാക്രമം അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

ലോകത്തെ വലിയ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തുണ്ട്, ജപ്പാനിലെ ടോക്യോയാണ് ഒന്നാമത്. മുംബൈ ആറാമതും. കൊല്‍ക്കത്ത പതിനാലാം സ്ഥാനത്തും ഇടംപിടിച്ചു. ബെംഗളൂരു (27), ചെന്നൈ (31), ഹൈദരാബാദ് (36) എന്നിവയും ഈ പട്ടികയിലുണ്ട്. ചൈന രണ്ടാം സ്ഥാനത്തും. ഓസ്ട്രിയയിലെ വിയന്നയും ഓസ്‌ട്രേലിയയിലെ മെല്‍ബണുമാണ്‌ ഈ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്

2015 മുതല്‍ 2020 വരെയുള്ള കണക്കുപ്രകാരമാണ് ഇക്കണോമിക്സ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്.

Top