Malappuram-vaccination-child

മലപ്പുറം: മലപ്പുറത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണം 1,32,000. കുത്തിവെപ്പ് തീരെ എടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്തവരുടെ എണ്ണമാണിത്. ഈ കുട്ടികള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

രണ്ടുമരണം ഉള്‍പ്പെട അഞ്ചു ഡിഫ്തിരീയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പുകള്‍ ഊര്‍ജിതമാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നത്. തീരെ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും മൂന്ന് ഡോസ് ടിഡി വാക്‌സിന്‍ നല്‍കും.

കഴിഞ്ഞ സെപ്റ്റംബറില്‍ ജില്ലയിലെ കുത്തിവെപ്പ് നില പരിശോധിച്ചിരുന്നു. അന്ന് 1,70,000 കുട്ടികളാണ് പൂര്‍ണമായി കുത്തിവെപ്പ് ലഭിക്കാത്തവരായി ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 40,000ത്തോളം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയിരുന്നു. രക്ഷിതാക്കള്‍ സഹകരിക്കാത്തതാണ് കുത്തിവെപ്പിന് തടസമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Top