പത്തു മാസത്തിനിടെ മലപ്പുറം എസ്.പിയും സംഘവും പിടികൂടിയത് 100 സ്വർണ്ണക്കടത്തുകൾ . . . !

ലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ഒന്നാംന്തരം ഒരു സല്യൂട്ട് തന്നെ കേന്ദ്രസർക്കാർ നൽകേണ്ടതുണ്ട്. വിമാനത്താവളം വഴി കടത്തുന സ്വർണ്ണക്കടത്തുകൾ തടയാൻ ചുമതലപ്പെട്ട കസ്റ്റംസും മറ്റു കേന്ദ്ര ഏജൻസികളും പരാജയപ്പെട്ടയിടത്താണ് സുജിത് ദാസ് എന്ന ചെറുപ്പക്കാരനായ ഐ.പി.എസുകാരനും അദ്ദേഹം നിയന്ത്രിക്കുന്ന മലപ്പുറം പൊലീസും വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ നൂറ് കള്ളക്കടത്തു ശ്രമങ്ങളാണ് എസ്.പിയുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തിയിരിക്കുന്നത്. വിമാനതാവളങ്ങൾ കേന്ദ്ര ഏജൻസികളുടെ പരിപൂർണ്ണ നിയന്ത്രണത്തിലാണെന്ന ‘പരിമിതി’ ഇല്ലായിരുന്നു എങ്കിൽ മലപ്പുറം ജില്ലാ പൊലീസ് ഇതിലും കൂടുതൽ സ്വർണ്ണ വേട്ട നടത്തുമായിരുന്നു എന്നതും വ്യക്തമാണ്. രാജ്യത്തെ മറ്റിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥൻമാർ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് മലപ്പുറം എസ്.പി നിലവിൽ സഞ്ചരിക്കുന്നത്. കേന്ദ്ര ഏജൻസികളെ പോലും അമ്പരിപ്പിച്ചിരിക്കുന്ന നീക്കമാണിത്.

ഏറ്റവും ഒടുവിൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണമാണ് എസ്.പിയുടെ നിർദ്ദേശപ്രകാരം പൊലീസ് പിടികൂടിയിരിക്കുന്നത്. ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂർവിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് യാത്രക്കാരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ജിദ്ദയില്‍ നിന്നും വന്ന കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് ദുബായില്‍ നിന്നും വന്ന വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം എന്നിവരെയാണ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്. റസീഖില്‍ നിന്നും ശരീരത്തിലൊളിപ്പിച്ച നിലയില്‍ 1191 ഗ്രാം തൂക്കം വരുന്ന 4 കാപ്‌സ്യൂളുകളും ഇബ്രാഹിമില്‍ നിന്നും 483 ഗ്രാം തൂക്കം വരുന്ന 2 കാപ്‌സ്യൂളുകളുമാണ് പൊലീസ് പരിശോധനയിൽ കണ്ടെടുത്തത്. എയര്‍ കസ്റ്റംസ് അവലംബിക്കുന്ന പത്തോളം വിവിധ പരിശോധനകളെ അതിജീവിച്ചും കസ്റ്റംസ് സന്നാഹത്തെ നിഷ്പ്രയാസം മറികടന്നുമാണ് രണ്ട് കാരിയര്‍മാരും എയര്‍പോര്‍ട്ടിന് പുറത്തെത്തിയിരുന്നത് എന്നതും ശ്രദ്ധയമാണ്.

പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരപ്രകാരം സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുൻപ് പ്രധാനപ്പെട്ട 4 സ്വര്‍ണ്ണക്കവര്‍ച്ചാ സംഘങ്ങളെ പിടികൂടിയതും കള്ളക്കടത്ത് സ്വര്‍ണ്ണം പുറത്തെത്തിച്ച് നല്‍കിയ കസ്റ്റംസ് സൂപ്രണ്ടിനെ തൊണ്ടി സഹിതം പിടികൂടിയതും എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. മലപ്പുറം പൊലീസിന്റെ ഇപ്പോഴത്തെ സ്വർണ്ണക്കടത്തു വേട്ട കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുന്ന മാഫിയക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

കള്ളക്കടത്തിന് ഒത്താശ ചെയ്താൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥരിലും പ്രകടമാണ്. ഇത്തരമൊരു ഭയം സൃഷ്ടിക്കുന്നതിൽ പൊലീസ് വിജയിച്ചു എന്നത് വലിയ ഒരു സംഭവം തന്നെയാണ്. മലപ്പുറം എസ്.പിക്ക് വിവരം നൽകിയാൽ മിന്നൽ വേഗത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ നിരവധി രഹസ്യ വിവരങ്ങളും പൊലീസിനെ തേടി എത്തുന്നുണ്ട്. മലപ്പുറം മാതൃകയിൽ എയർപോർട്ടുള്ള രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലും പൊലീസ് ഉണർന്നു പ്രവർത്തിച്ചാൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് അത് വലിയ ഒരു തിരിച്ചടിയായി മാറാനാണ് സാധ്യത. ഇതിനുള്ള നിർദ്ദേശമാണ് ഇനി ബന്ധപ്പെട്ടവർ നൽകേണ്ടത്.

അതേസമയം, എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കള്ളക്കടത്തു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ഐ.ബി ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ കസ്റ്റംസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതോടൊപ്പം തന്നെ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വർണ്ണക്കടത്തു വേട്ടകളെ കുറിച്ചും കൃത്യമായ റിപ്പോർട്ടുകൾ നൽകിയയതായാണ് സൂചന. മലപ്പുറം പൊലീസിന്റെ സ്വർണ്ണക്കടത്തു വേട്ടയിലൂടെ ശരിക്കും ഇപ്പോൾ നാണം കെട്ടിരിക്കുന്നത് കസ്റ്റംസാണ്. എയർപോർട്ടിന്റെ ചുമതല കൂടി ലോക്കൽ പൊലീസിനു ലഭിച്ചിരുന്നെങ്കിൽ എന്താകും സ്ഥിതിയെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

മലപ്പുറം എസ്.പിയായ സുജിത്ത് ദാസ് കോട്ടയം സ്വദേശിയാണ്. പെരിന്തൽമണ്ണ എ.എസ്.പി, കോഴിക്കോട് ഡിസിപി, ആലപ്പുഴ എസ്പി, പോലീസ് ആസ്ഥാനത്ത് അഡീഷണല്‍ അസി. ഇന്‍സ്‌പെക്ടര്‍ ജനറൽ എന്നിവടങ്ങളിലും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലി ചെയ്ത എല്ലാ ഇടങ്ങളിലും മികച്ച ട്രാക്ക് റെക്കോർഡാണ് ഈ ഐ.പി.എസുകാരനുള്ളത്.

EXPRESS KERALA VIEW

Top