മലപ്പുറത്ത് സെവന്‍സ് ആവേശം; പന്തുതട്ടാന്‍ വിനീതും റാഫിയും ജെജെയും

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സില്‍ പന്തുതട്ടാനെത്തുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും എ.ഐ.എഫ്.എഫിന്റേയും അംഗീകാരത്തോടെ നടക്കുന്ന ‘സോക്കര്‍ അല’ സെവന്‍സ് ടൂര്‍ണമെന്റിനാണ് സൂപ്പര്‍ താരങ്ങളെത്തുക.

സൂപ്പര്‍ ലീഗ് താരങ്ങളായ സി.കെ വിനീത്, അനസ് എടത്തൊടിക, ജെജെ ലാല്‍പെഖുല, മുഹമ്മദ് റാഫി, എം.പി സക്കീര്‍, ടി.പി രഹ്നേഷ്, ആഷിഖ് കുരുണിയന്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി കളത്തിലിറങ്ങും. എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. കേരള പോലീസ്, തിരൂര്‍ സാറ്റ്, കോവളം എഫ്.സി, സോക്കര്‍ സുല്‍ത്താന്‍സ് അരീക്കോട്, കോഴിക്കോട് സാമുറായ്, പ്രീമിയര്‍ മഹീന്ദ്ര മലപ്പുറം, വണ്ടൂര്‍ വാരിയേഴ്‌സ്, എടവണ്ണ സ്‌ട്രൈക്കേഴ്‌സ് ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്.

കോഴിക്കോട് സാമുറായിക്ക് വേണ്ടിയാണ് അനസും രഹ്നേഷും കളിക്കുന്നത്. ലാല്‍പെഖുല പ്രീമിയര്‍ മഹീന്ദ്ര മലപ്പുറത്തിന് വേണ്ടി ബൂട്ടണിയും. എടവണ്ണ സ്‌ട്രൈക്കേഴ്‌സ് താരങ്ങളായാണ് സി.കെ വിനീതും ആഷിഖ് കുരുണിയനും കളിക്കുക. എം.പി സക്കീര്‍ സോക്കര്‍ സുല്‍ത്താന്‍ അരിക്കോടിന് വേണ്ടി ഗ്രൗണ്ടിലിറങ്ങും.

ഐ.എസ്.എല്‍ താരങ്ങള്‍ക്കു പുറമേ ഐലീഗിലേയും സന്തോഷ് ട്രോഫിയിലേയും താരങ്ങളും കളത്തിലിറങ്ങും. അനസ് എടത്തൊടികയാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക. 15 ദിവസം ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും.

Top