Malappuram – RK Nagar choices together? After the judgment the decision of the UP

ചെന്നൈ: ജയലളിത പ്രതിനിധീകരിച്ച ചെന്നൈ ആർ കെ നഗറിലെയും ഇ.അഹമ്മദ് എം പി പ്രതിനിധീകരിച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കും.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് ശേഷം അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ജനപ്രതിനിധികൾ മരണപ്പെട്ടാലും രാജിവച്ചാലുമെല്ലാം ആറു മാസത്തിനുളളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് നിയമം. ജയലളിത മരണപ്പെട്ടത് 2016 ഡിസംബർ 5ന് ആണ്. ഇ അഹമ്മദാകട്ടെ 2017 ഫിബ്രുവരി ഒന്നിനാണ് മരണപ്പെട്ടത്.

ഒഴിവുവരുന്ന എം എൽ എ – എം പി മണ്ഡലങ്ങളിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണ് പതിവ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

മലപ്പുറത്ത് ഇ അഹമ്മദിന്റെ ഒഴിവിൽ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് ലീഗ് നേതൃത്വം നൽകുന്ന സൂചന. ശക്തികേന്ദ്രമായതിനാൽ ഇവിടെ വിജയം ഉറപ്പിച്ചാണ് ലീഗ് നേതൃത്യം നിൽക്കുന്നത്. എന്നാൽ അട്ടിമറി വിജയം ലക്ഷ്യമിട്ട് മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

മുൻപ് ടി കെ ഹംസ അട്ടിമറി വിജയം നേടിയ ചരിത്രമുള്ളതിനാൽ ഇത്തവണ മലപ്പുറത്ത് തീപാറും. സി പി എം സ്ഥാനാർത്ഥിയായിരിക്കും ഇവിടെ മത്സരിക്കുക.

പിണറായി സർക്കാറിനെതിരായ ജനവിധിയായി മലപ്പുറം മാറാതിരിക്കാൻ വോട്ടിംങ്ങ് ശതമാനം വർദ്ധിപ്പിക്കേണ്ടത് സി പി എമ്മിനും സർക്കാറിനും അനിവാര്യമാണ്.

തമിഴകത്താകട്ടെ അവിശ്വാസ വോട്ടെടുപ്പിൽ ശശികല വിഭാഗം നേതാവ് പളനി സാമിയും സംഘവും വിജയിച്ചു കഴിഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നടപടി ഹൈക്കോടതിയിൽ വരെ എത്തിയിട്ടുണ്ടെങ്കിലും തമിഴകം ഇപ്പോൾ ഉറ്റു നോക്കുന്നത് ജയലളിതയുടെ ആർ കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് വിധി എന്തായിരിക്കും എന്നതാണ്.

സഭയിൽ എം എൽ എമാരുടെ കരുത്തിൽ വിശ്വാസം നേടിയ പളനി സാമി സർക്കാറിന് ജനങ്ങളുടെ സഭയിലെ വിധിയെഴുത്ത് അതി നിർണ്ണായകമാണ്.

ജയലളിതയുടെ സഹോദര പുത്രി ദീപയാകും ഇവിടെ അണ്ണാ ഡിഎംകെ ,ഡി എം കെ കക്ഷികൾക്ക് പ്രധാന എതിരാളിയാവുക. പനീർശെൽവ വിഭാഗം ദീപയുമായി സഹകരിക്കാൻ താൽപര്യപ്പെടുന്നതിനാൽ അവരുടെ പിന്തുണ സ്വാഭാവികമായും ദീപക്കായിരിക്കും.

24ന് പുതിയ പാർട്ടി സംബന്ധമായി ദീപ നടത്തുന്ന പ്രഖ്യാപനം തമിഴക രാഷ്ടീയ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നത്.

പനീർശെൽവ വിഭാഗത്തെ ഒപ്പം കൂട്ടി പുതിയ പ്രഖ്യാപനം ദീപ നടത്തുമോ, അതോ ഒറ്റക്ക് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ഈ വിധിയെഴുത്തിന് അനുസരിച്ചായിരിക്കും അണ്ണാ ഡിഎംകെയുടെ നിലനിൽപ്പ് തന്നെ. ഇപ്പോൾ തന്നെ വലിയ വിഭാഗം അണികൾ പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞമട്ടാണ്.ശശികല ജയിലിലേക്ക് പോവുന്നതിനു മുൻപ് ബന്ധുക്കളെ പാർട്ടി തലപ്പത്ത് പ്രതിഷ്ടിച്ചതിലും പ്രതിഷേധം പുകയുകയാണ്.

ആർകെ നഗറിൽ കൂടി പരാജയപ്പെട്ടാൽ വലിയ പൊട്ടിത്തെറി തന്നെ പാർട്ടിയിൽ ഉണ്ടാകും. ഭരിക്കാൻ 4 വർഷം ബാക്കിയുണ്ട് എന്നതിനാൽ മാത്രമാണ് നേതാക്കൻമാരടക്കമുള്ള വിഭാഗം അണ്ണാ ഡിഎംകെയിൽ ഇപ്പോഴും തുടരുന്നത് എന്നാണ് പനീർശെൽവ വിഭാഗം ആരോപിക്കുന്നത്.

Top