ഇന്നലെ കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റ്, ഇന്ന് സി.പി.എം വീണ്ടും പ്രസിഡന്റാക്കി ! !

CPM,C. Karunakaran Pillai

നിലമ്പൂര്‍: നിയോജകമണ്ഡലത്തിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ളയെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റാക്കി. ഇന്നു നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കാലുമാറ്റം ജയിച്ചത്. കോണ്‍ഗ്രസിന്റെ വിപ്പു ലംഘിച്ചാണ് കരുണാകരന്‍പിള്ള ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായത്. സി.പി.എമ്മില്‍ നിന്നും കാലുമാറി അംഗത്വം രാജിവെച്ച് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച് സി.എച്ച് സുലൈമാന്‍ഹാജിയെയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിച്ചത്.

17 അംഗങ്ങളുള്ള പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് അംഗങ്ങളുമായി കോണ്‍ഗ്രസിലെ കരുണാകരന്‍പിള്ളയായിരുന്നു പ്രസിഡന്റായിരുന്നത്. ഞെട്ടിക്കുളം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം താര മരണപ്പെട്ടതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വിജയിച്ചതോടെ എട്ടംഗങ്ങളുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഒമ്പതു സീറ്റായി ഭരണവും ലഭിച്ചു.

CPM,C. Karunakaran Pillai

മുമ്പ് കോണ്‍ഗ്രസില്‍ നിന്നും കാലുമാറി സി.പി.എമ്മിലെത്തിയ സി. സുഭാഷിനെയാണ് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന പാര്‍ട്ടിഅംഗം സി.എച്ച് സുലൈമാന്‍ഹാജി പാര്‍ട്ടി ഭാരവാഹിത്വവും പഞ്ചായത്തംഗത്വവും രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് സുലൈമാന്‍ഹാജി വിജയിച്ചതോടെ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായി ഭൂരിപക്ഷം.

സുലൈമാന്‍ഹാജിയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതോടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ച് സി.പി.എം പാളയത്തിലെത്തി. കരുണാകരന്‍പിള്ള പഞ്ചായത്ത് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ചതിന് കൂറുമാറ്റ നിയമപ്രകാരം ആയോഗ്യനാക്കപ്പെടും. എന്നാല്‍ ഇതിനുള്ള സമയപരിധി വരെ പഞ്ചായത്ത് ഭരിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷണന്റെ അയോഗ്യത വന്നാലും കോടതിയില്‍ ചോദ്യം ചെയ്യാം. അപ്പോഴേക്കും പഞ്ചായത്ത് ഭരണസമിതിയും കാലാവധി കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top