മലപ്പുറത്ത് നിന്നും കാണാതായ യുവതിയും കുഞ്ഞും ബെംഗളൂരുവില്‍; 11 വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്

മലപ്പുറം: പതിനൊന്ന് വർഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. 2011ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡൽ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തിൽ ഡി എം പി ടി യു അംഗങ്ങൾ ആണ് അന്വേഷണം നടത്തിയത്.

ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.11 വർഷത്തോളമായി ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സി-ബ്രാഞ്ച് എസ് ഐ-മാരായ സി വി ബിബിൻ, കെ സുഹൈൽ, അരുൺഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുസ്സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂർ ജെ എഫ് സി എം കോടതി മുമ്പാകെയും കുട്ടിയെ സി ഡബ്ലിയു സി മുമ്പാകെയും ഹാജരാക്കി.

Top