മലപ്പുറത്തെ ദേശീയപാത വികസന കുരുക്ക് ; ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ചു

ന്യൂഡല്‍ഹി: ദേശീയപാത 66ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ കേരളം അങ്ങേയറ്റം ജനസാന്ദ്രതയേറിയ സംസ്ഥാനമാണെന്ന ധാരണ വേണമെന്ന് സമദാനി ഓര്‍മിപ്പിച്ചു.

അരീക്കോട് – പരപ്പനങ്ങാടി സംസ്ഥാനപാതയില്‍ കൊളപ്പുറം ജംഗ്ഷനില്‍ അഞ്ച് കിലോമീറ്റര്‍ അധികം യാത്ര ചെയ്താല്‍ മാത്രമേ മറുവശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. താഴെ ചേളാരിയില്‍ പരപ്പനങ്ങാടി റോഡിലേക്കും മേലെ ചേളാരിയില്‍ മാതാപ്പുഴ റോഡിലേക്കും ദേശീയപാതയില്‍ നിന്ന് പ്രവേശിക്കാന്‍ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ചേളാരി അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് അനുഭവിക്കുകയാണെന്നും സമദാനി പറഞ്ഞു.

ഇരുമ്പുചോല, വെളിമുക്ക്, കോഹിനൂര്‍, പേങ്ങോട്ടൂര്‍മാട്, പാറമ്മല്‍ എന്നിവിടങ്ങളില്‍ മേല്‍പാലങ്ങള്‍ക്കും അണ്ടര്‍ പാസുകള്‍ക്കുമുള്ള ജനങ്ങളുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ദേശീയപാത ഉയര്‍ത്തി നിര്‍മിച്ചതിനാല്‍ പരപ്പുലാക്കല്‍ കുഴിമ്പാട്ടുപാടം റോഡില്‍ നിന്ന് ഹൈവേയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത വിധം ഗതാഗത തടസ്സമുണ്ട്.

കലുങ്കുകള്‍, ഡ്രെയിനേജ് എന്നിവ ജനവാസ കേന്ദ്രങ്ങളിലേക്ക് തുറക്കുന്നതുമൂലം നിരവധി പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. അവിടെ ആവശ്യമായ ഡ്രെയിനേജുകള്‍ നിര്‍മിച്ച് തോടുകളിലേക്ക് വെള്ളം തിരിച്ചുവിട്ട് പരിഹാരം കാരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവൃത്തി പൂര്‍ത്തിയാകുന്ന ഹൈവേയുടെ വശങ്ങളില്‍ നിന്ന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണം. കേരളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണെന്നും ദേശീയപാതയുടെ രൂപരേഖ തയാറാക്കിയ സമയത്ത് തന്നെ അത് കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും സമദാനി പറഞ്ഞു. എന്നാല്‍ അത് വേണ്ടത്ര ഗൗനിക്കാത്തതിനെ തുടര്‍ന്നാണ് ഈ പ്രയാസങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജനങ്ങള്‍ വിഷമിക്കുന്ന ഈ സാഹചര്യത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരനടപടികള്‍ കൈക്കൊള്ളണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Top