മലപ്പുറത്തെ മെഡിക്കല്‍ സ്റ്റോറിലെ കവര്‍ച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍ കോവിലകം റോഡിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രാജേഷ്(27), ഇയാളുടെ ബന്ധു ഡേവിഡ് രാജ (20) എന്നിവരാണ് നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായത്. രാജേഷ് 10 വര്‍ഷമായി പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ കൊട്ടുമ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ്.

ഈ മാസം ഇരുപത്തിയാറാം തിയ്യതി പുലര്‍ച്ചെയാണ് പ്രതികള്‍ മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണും മരുന്നുകളും മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടിരുന്നില്ല. മെഡിക്കല്‍ സ്റ്റോറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണം നടക്കുന്നതിനിടെ പൂക്കോട്ടും പാടത്തെ മൊബൈല്‍ ഷോപ്പില്‍ പ്രതികള്‍ നടത്തിയ മോഷണ ശ്രമം പിടിക്കപ്പെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്.

പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നിലമ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. മൊബൈല്‍ ഷോപ്പുകളിലെത്തി ജീവനക്കാരെ കബളിപ്പിച്ച് ഫോണ്‍ തട്ടിയെടുക്കുന്നത് പ്രതികളുടെ പതിവാണ്. ഇവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളുണ്ട്.

രണ്ടാം പ്രതി ഡേവിഡ് രാജ ചെന്നൈ എസ്.ആര്‍.എം.കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. പ്രതികളെ മെഡിക്കല്‍ സ്റ്റോറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Top