കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 43 ആയി.

മണ്ണിനടിയില്‍ നിന്ന് പതിനാറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സ്ഥലത്ത് ഇന്ന് തിരച്ചില്‍ നടത്തുന്നത് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) ഉപയോഗിച്ചാണ്. ഇതിനായി ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.

മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

വയനാട് പുത്തുമലയിലും കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന പ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Top