വന്യമൃഗശല്യത്തിൽ മലപ്പുറം ജില്ലക്ക് 96.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

മലപ്പുറം ജില്ലയിലെ കർഷകർക്ക് വന്യമൃഗശല്യംമൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാനായി 96.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. തുകയുടെ വിതരണം തുടങ്ങിയതായും ഒരാഴ്ചക്കുള്ളിൽ വിതരണം പൂർത്തിയാക്കുമെന്നും നിലമ്പൂർ സൗത്ത് വനം ഡിവിഷണൽ ഓഫീസർ (ഡി.എഫ്.ഒ.) ധനിക് ലാൽ അറിയിച്ചു.

വിതരണം പൂർത്തിയാകുന്നതോടെ നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കെല്ലാം നഷ്ടപരിഹാര തുക ലഭിക്കും. അതേസമയം പെരിന്തൽമണ്ണക്കടുത്ത് മുള്ള്യാംകുർശിയിൽ പുലി ഇറങ്ങിയ സ്ഥലത്ത് പുലിയെ പിടികൂടാൻ കൂട് വെക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഡി.എഫ്.ഒ. പറഞ്ഞു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രദേശത്ത് കൂട് വെക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

Top