ആര്യാടൻ കട്ട കലിപ്പിൽ, മലപ്പുറത്ത് യു.ഡി.എഫ് കോട്ടകളിൽ വൻ വിള്ളൽ

ഡി.സി.സി പുനസംഘടനയോടെ മലപ്പുറത്ത് ഏറെ ആശങ്കയിലായിരിക്കുന്നത് മുസ്ലീംലീഗാണ്. കോണ്‍ഗ്രസ്സിലെ കലാപം യു.ഡി.എഫ് വോട്ട് ബാങ്കിനെ ബാധിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ളതും ലീഗിനു തന്നെയാണ്. പല സീറ്റിംഗ് സീറ്റുകളും തെറിച്ച് രണ്ട് സീറ്റില്‍ വരെ ഒതുങ്ങേണ്ട ഗതികേടുണ്ടാകുമോ എന്നതാണ് ലീഗിനെ ഭയപ്പെടുത്തുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തി വി.എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കി അവരോധിച്ചതാണ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുന്നത്. ഇതോടെ ദേശീയ മുസ്ലീം വോട്ടുബാങ്ക് കോണ്‍ഗ്രസിനെ കൈവിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ 28 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് കേവലം രണ്ട് ഡി.സി.സി പ്രസിഡന്റുമാര്‍ മാത്രമായി ഒതുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമൊന്നുമില്ലാത്ത കാസര്‍ഗോട്ടും മുസ്ലിം സമുദായം ന്യൂനപക്ഷമായ എറണാകുളം ജില്ലയിലും മാത്രമാണ് മുസ്ലിം ഡി.സി.സി പ്രസിഡന്റുമാരുള്ളത്. മുസ്ലിം ഭൂരിപക്ഷമായ 70 ശതമാനം മുസ്ലീങ്ങളുള്ള മലപ്പുറം ജില്ലയില്‍ ദേശീയ മുസ്ലീം പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരനിലപാടുള്ള ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തിയതില്‍ ആര്യാടന്‍ മുഹമ്മദ് കട്ടക്കലിപ്പിലാണ്. അദ്ദേഹവും അനുയായികളും തിരിച്ചടിച്ചാല്‍ മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കോട്ടകളിലാണ് വിള്ളലുണ്ടാകുക. മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ കൈകളില്‍ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ്, ജോയിയെ കെ.സി വേണുഗോപാല്‍ ഇടപെട്ട് അവരോധിച്ചിരിക്കുന്നത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തിയതില്‍ കോണ്‍ഗ്രസ്സ് അനുകൂല ദേശീയ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിക്ഷേധം ശക്തമായാല്‍ ജില്ലയില്‍ യു.ഡി.എഫ് ശരിക്കും പ്രതിരോധത്തിലാകും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലവും 48 ലക്ഷം ജനസംഖ്യയുമുള്ള വലിയ ജില്ലയാണ് മലപ്പുറം. 16 നിയോജകമണ്ഡലങ്ങളുള്ള ഈ ജില്ലയാണ് മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ഏക ശക്തികേന്ദ്രം. മലപ്പുറത്ത് ലീഗിന് 12 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് എ.പി അനില്‍കുമാറും സി.പി.എമ്മിന് കെ.ടി ജലീലും വി. അബ്ദുറഹിമാനും പി.വി
അന്‍വറും പി നന്ദകുമാറുമടക്കം നാല്‌ പേരും നിലവിലുണ്ട്. പെരിന്തല്‍മണ്ണയില്‍ ഇടതുപക്ഷം തോറ്റത് നിസാര വോട്ടുകള്‍ക്കു മാത്രമാണ്. 1980തില്‍ എ.കെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തേക്ക് ചേക്കേറിയ പഴയ രാഷ്ട്രീയ ലൈന്‍ സ്വീകരിക്കാന്‍ ആര്യാടന്‍ മുഹമ്മദ് ഇപ്പോള്‍ തയ്യാറായാല്‍ മലപ്പുറം ജില്ലയില്‍ മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ മാത്രമേ ലീഗിന് വിജയിക്കാന്‍ കഴിയുകയൊള്ളൂ. അതുപോലും കനത്ത പോരാട്ടം നടത്തിവേണം നേടാന്‍. നിലവില്‍ മലപ്പുറത്ത് 35,208 വോട്ടു നേടിയാണ് ലീഗിന്റെ പി. ഉബൈദുള്ള വിജയിച്ചത്. വേങ്ങരയില്‍ 30,596വോട്ടിന് പി.കെ കുഞ്ഞാലിക്കുട്ടിയും വിജയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സ് പിളര്‍ന്നാല്‍ ഇവിടെപ്പോലും കനത്ത മത്സരമായിരിക്കും ലീഗ് നേരിടേണ്ടി വരിക. പഴയതുപോലെ, പതിനായിരങ്ങളുടെ ഭൂരിപക്ഷം നല്‍കുന്ന പച്ചകോട്ടകളല്ല ഇപ്പോള്‍ മലപ്പുറത്തെ ഭൂരിപക്ഷ ലീഗ് മണ്ഡലങ്ങളെന്നതും നാം ഓര്‍ക്കണം. മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ലീഗ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിരുന്ന താനൂരില്‍ രണ്ടാം തവണയും വി. അബ്ദുറഹിമാനാണ് വിജയിച്ചിരിക്കുന്നത്. ലീഗിന്റെ യുവതുര്‍ക്കിയായ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രംഗത്തിറക്കിയിട്ടു പോലും കൈവിട്ട താനൂര്‍ പിടിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണയില്‍ കേവലം 38 വോട്ടുകള്‍ക്കാണ് ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എന്നും ലീഗിനെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടിനഹയുടെ തട്ടകമായിരുന്ന തിരൂരങ്ങാടിയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ് 9,578 വോട്ടിന് മാത്രമാണ് വിജയിച്ചത്. ആര്യാടന്‍ എഫക്ട് ഏറ്റാല്‍ മലപ്പുറം ജില്ലയില്‍ മാത്രമല്ല കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ നിന്ന് എം.കെ മുനീറിനും, കാസര്‍ഗോട്ട് നിന്നും എന്‍.എ നെല്ലിക്കുന്നിനും, മഞ്ചേശ്വരത്തു നിന്നും എ.കെ.എം അഷ്റഫിനും വിജയിക്കുക എളുപ്പമാവുകയില്ല.

മണ്ണാര്‍ക്കാട്ടു നിന്നും എന്‍. ഷംസുദ്ദീനും സമാന ഭീഷണി തന്നെയാണ് നേരിടേണ്ടി വരിക. നിലവില്‍ 15 എം.എല്‍.എമാരുള്ള ലീഗിന് രണ്ട് എം.എല്‍എമാരുമായി അടിവേരിളക്കുന്ന പരാജയമാണ് നേരിടേണ്ടതായി വരിക. അതോടൊപ്പം കേവലം 21 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് മലബാറില്‍ നിന്നും ഒറ്റ സീറ്റിലും വിജയിക്കാനാവുകയുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തകയായ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളും നഷ്ടമാകും. കോണ്‍ഗ്രസിന് വിജയ സാധ്യത ഉള്ള മലബാറിലെ ഏക മണ്ഡലം വയനാട് മാത്രമാണ്. രാഹുല്‍ഗാന്ധിയുടെ ഈ മണ്ഡലത്തില്‍ വിജയിക്കാന്‍ പോലും അവര്‍ക്ക് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. കോണ്‍ഗ്രസില്‍ കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് രാഷ്ട്രീയം കൊടുമ്പിരികൊണ്ട 1980തില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ‘എ’ വിഭാഗം ഇടതുപക്ഷത്തെത്തിയപ്പോള്‍ ലീഗ് കോട്ടയായ പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജി.എം ബനാത്ത്വാലയെ നേരിടാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് ആര്യാടന്‍ മുഹമ്മദിനെയായിരുന്നു.

1977ലെ തെരഞ്ഞെടുപ്പില്‍ 1,17,546 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബനാത്ത്വാലയുടെ ഭൂരിപക്ഷം അമ്പതിനായിരത്തിലേക്ക് കുത്തനെ കുറക്കാന്‍ അന്ന് ആര്യാടന് കഴിഞ്ഞിരുന്നു. ഈ പോരാട്ടവീര്യം കൂടി കണക്കിലെടുത്താണ് 1980-ല്‍ ആന്റണി കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ആര്യാടനെ മുഹമ്മദിനെ ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് അന്ന് നിലമ്പൂരില്‍ നിന്നും വിജയിച്ച സി. ഹരിദാസിനെ രാജിവെപ്പിച്ചാണ് ആര്യാടന്‍ നിയമസഭയില്‍ എത്തിയിരുന്നത്. ആര്യാടനെ ഏതുവിധേനയും തോല്‍പ്പിക്കാന്‍ കെ. കരുണാകരന്‍ രംഗത്തിറക്കിയത് അന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. മുല്ലപ്പള്ളിയെ 17,841 വോട്ടുകള്‍ക്കാണ് ആര്യാടന്‍ പരാജയപ്പെടുത്തിയിരുന്നത്. ആര്യാടന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ ദേശീയ മുസ്ലീം വോട്ടുബാങ്ക് ഇടതുപക്ഷത്തേക്ക് കൊണ്ടുപോകാന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ ആര്യാടന് എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ ഇടപെടലില്‍ പിന്നീട് ആന്റണി കോണ്‍ഗ്രസ് ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ തിരികെ വോട്ടുബാങ്ക് കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവരാനും ഒരു പരിധിവരെ ആര്യാടന് സാധിച്ചിട്ടുണ്ട്. 1956ല്‍ വണ്ടൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നേതാവാണ് ആര്യാടന്‍ മുഹമ്മദ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ നിലമ്പൂരില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആര്യാടന്‍ മുഹമ്മദ് ഐ.എന്‍.ടി.യുസിയെയും കോണ്‍ഗ്രസിനെയും കെട്ടിപ്പടുത്തിരുന്നത്. നിലമ്പൂരില്‍ നിന്നും അതിരാവിലെ സൈക്കിളില്‍ 30 കിലോമീറ്ററിലേറെ സഞ്ചരിച്ച് പീടികകോലായകളിലും പാര്‍ട്ടി ഓഫീസുകളിലും അന്തിയുറങ്ങിയാണ് ആര്യാടന്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിരുന്നത്. കമ്യൂണിസ്റ്റു നേതാക്കളുടെ രീതിയാണ് ഇക്കാര്യത്തില്‍ ആര്യാടനും പിന്‍തുടര്‍ന്നിരുന്നത്. മലപ്പുറവും കോഴിക്കോടും വയനാടും ഉല്‍ക്കൊള്ളുന്ന അവിഭക്ത കോഴിക്കോട് ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ 1969-ല്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യ മലപ്പുറം ഡി.സി.സിയുടെ പ്രസിഡന്റുമായി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേരുചൊല്ലി വിളിക്കാനുള്ള ആത്മബന്ധമുള്ള എക നേതാവു കൂടിയാണ് ആര്യാടന്‍.

മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ വകവെച്ചുകൊടുക്കാത്ത ചങ്കൂറ്റവും തന്റേടവുമാണ് മറ്റു കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ആര്യാടനെ ഇപ്പോഴും വ്യത്യസ്തനാക്കുന്നത്. മുസ്ലീം മതവര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നയിച്ച മതേതരവാദിയാണദ്ദേഹം. ദേശീയ മുസ്ലീങ്ങള്‍ക്കൊപ്പം ഹിന്ദു ക്രിസത്യന്‍ വിഭാഗങ്ങളുടെ പിന്തുണയും ആര്യാടന്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും പി.ഡി.പിയുടെയും വോട്ടുവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള തന്റേടവും ആര്യാടന്‍ എത്രയോ മുന്‍പ് തന്നെ കാട്ടിയിട്ടുണ്ട്. ലീഗിന് മുന്നില്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ആര്യാടന്‍ മുഹമ്മദ്. മുസ്ലീം ലീഗ് അധ്യക്ഷന്‍മാരായ പാണക്കാട് തങ്ങള്‍മാര്‍ വിമര്‍ശനത്തിന് വിധേയരാണെന്നും തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ചങ്കൂറ്റത്തോടെ പറയാനുള്ള തന്റേടവും ആര്യാടന്‍ തുറന്നു കാട്ടിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ വര്‍ഗീയവാദിയെന്ന് അദ്ദേഹം വിളിച്ചതും മുന്‍പ് ഏറെ വിവാദമായിരുന്നു.

കോണ്‍ഗ്രസില്‍ എ.കെ ആന്റണിയുടെയും കെ. കരുണാകരന്റെയും നേതൃത്വത്തില്‍ ഗ്രൂപ്പ് യുദ്ധം കൊടുമ്പിരികൊണ്ട കാലഘട്ടങ്ങളില്‍ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമായിരുന്നു ആര്യാടന്‍. എ.കെ ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടനാചുമതലയും കെ.പി.സി.സി ഓഫീസിന്റെ ചുമതലയുമുള്ള ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്കാലത്തും കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രധാനിയായിരുന്നു ആര്യാടന്‍. നാല് തവണ മന്ത്രിയും 35 വര്‍ഷം നിലമ്പൂരില്‍ നിന്നും എം.എല്‍.എയുമായ ആര്യാടന്‍ മുഹമ്മദ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര നിലപാടാണ് അദ്ദേഹത്തെ ദേശീയ മുസ്ലീം പാരമ്പര്യത്തിന്റെ വക്താവാക്കുന്നത്.

‘പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍ ‘ എന്ന് മുസ്ലീം ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ വിഭജന രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യക്കൊപ്പം നിന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശം നെഞ്ചേറ്റുന്നവരാണ് ദേശീയ മുസ്ലീങ്ങളെന്ന് രാജ്യത്ത് അറിയപ്പെടുന്നത്. മതേതര നിലപാടുയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദേശീയ മുസ്ലീങ്ങള്‍ക്ക് ആര്യാടനുമായുള്ളത് വൈകാരികമായ ആത്മബന്ധം തന്നെയാണ്. എ.പി അനില്‍കുമാറിനു വേണ്ടി ആര്യാടനെ വെട്ടിനിരത്തിയാല്‍ അത് കോണ്‍ഗ്രസിനെ തുണക്കുന്ന ദേശീയ മുസ്ലീങ്ങളുടെ വോട്ടുബാങ്കിലാണ് വിള്ളല്‍ വീഴ്ത്തുക.

ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം. പോയതോടെ ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീണ കോണ്‍ഗ്രസിന് ദേശീയ മുസ്ലീങ്ങളുടെ കൊഴിഞ്ഞുപോക്കോടെ കേരള ഭരണവും കിട്ടാക്കനിയായാണ് മാറുവാന്‍ പോകുന്നത്. മലപ്പുറം ഉള്‍പ്പെടെയുള്ള ലീഗ് കോട്ടകള്‍ പോലും ചുവപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതോടെ ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ആര്യാടന്‍ ചുവട് മാറ്റിയാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ മനസ്സിന് വലിയ രൂപത്തിലാണ് ഇപ്പോള്‍ പോറല്‍ ഏറ്റിരിക്കുന്നത്. അതാകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് ആത്യന്തികമായി വലിയ ഗുണം ലഭിക്കാനും വഴി ഒരുക്കിയിരിക്കുന്നത്.

 

Top