malappuram-civil-station-blast

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് മുന്‍വശത്ത് നിന്ന് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടന ശബ്ദത്തെത്തുടര്‍ന്ന് കളക്ടര്‍ ഷൈനാമോള്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ രൂക്ഷമായ മരുന്ന് ഗന്ധം പരന്നതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനം ബോധപ്പൂര്‍വ്വമുള്ള ശ്രമമാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്‌ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നത്.

സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

ലഘുലേഖകള്‍ അടങ്ങിയ ഒരു പെട്ടിയും സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ബെയ്‌സ് മൂവ്‌മെന്റ് എന്ന് പുറത്തെഴുതിയ പെട്ടിയാണ് കണ്ടെത്തിയത്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.

Top