മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി, യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍.കോട്ടയ്ക്കല്‍ എടരിക്കോട് പുതുപ്പറമ്പ് പൊറ്റയില്‍ ഷാഹിര്‍ (22)വിഷം അകത്തുചെന്നു മരിച്ച കേസിലാണ് നടപടി.പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുല്‍ ഗഫൂര്‍ (28), മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പന്‍ ബഷീര്‍ (45) എന്നിവരെയാണ് എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും അറസ്റ്റ് ചെയ്തത്.

ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി എന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ഷാഹിറിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടി വിഷം കഴിച്ചിരുന്നു.

Top