അയിത്തമില്ല ; തങ്ങളെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്ന് ഓര്‍ത്തോഡോക്‌സ് സഭ

കോലഞ്ചേരി : ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്ന് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന ഓര്‍ത്തോഡോക്‌സ് സഭയുടെ വടക്കന്‍ മേഖലാ പ്രതിഷേധയോഗവും റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ.

ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്. മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനൽകില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേർക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിന് കൂട്ടുനിൽക്കുന്നു.

പള്ളിത്തർക്കത്തിൽ നീതിനിഷേധിച്ചുവെന്ന് ആവർത്തിച്ചാണ് കാതോലിക്കാ ബാവ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സംസ്ഥാന സർക്കാർ മുതലെടുപ്പ് നടത്തുകയാണ്. ഇക്കാര്യത്തിൽ എന്തോ പന്തികേടുണ്ട്. യാക്കോബായ സഭയെ പിന്തുണയ്ക്കുന്നതിലൂടെ എൽ.ഡി.എഫ് സർക്കാർ യു.ഡി.എഫിനെ സഹായിക്കുകയാണ്.

അക്രമം കാണിക്കാൻ ധൈര്യമുള്ളവരല്ല നസ്രാണികള്‍. അതിനാരെങ്കിലും തയാറുണ്ടെങ്കിൽ കാരണക്കാർ സർക്കാരാണ്. ഉദ്യോഗസ്ഥരുടെ കൈകൾ കൂട്ടികെട്ടിയിരിക്കുകയാണെന്നും കാതോലിക്ക ബാവ ആരോപിച്ചു.

Top