MALAMPUZHA-VS ACHUTHANANDAN-ASSEMBLY-ELECTION

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്താന്‍ അണിയറയില്‍ കരുനീക്കം.

വിഎസിന്റെ പ്രഖ്യാപിത ശത്രുവായ പ്രമുഖ സമുദായ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം വിഎസിനെതിരെ മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്.വിഎസിന്റെ മുഖ്യ എതിരാളിയായി മത്സരിക്കുന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് അപ്രതീക്ഷിത മേഖലയില്‍ നിന്ന് ലഭിക്കുന്ന പിന്‍തുണയില്‍ യുഡിഎഫ് പ്രവര്‍ത്തകരും ആവേശത്തിലാണ്.

ബിജെപി മുന്നണിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലും വിഎസിനെതിരായ വോട്ട് ഭിന്നിച്ച് പോകാതിരിക്കാന്‍ സമുദായ നേതാവിന്റെ നേതൃത്വത്തില്‍ ചില ചരടുവലികള്‍ നടക്കുന്നതായും സൂചനയുണ്ട്.ഇടതുപക്ഷം അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും വിഎസിനെ നിയമസഭ കാണിക്കരുതെന്ന വാശിയിലാണ് ദ്രുതഗതിയിലുളള നീക്കങ്ങള്‍.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സമുദായ നേതാവിനും മറ്റുമെതിരായ അന്വേഷണങ്ങളില്‍ കര്‍ക്കശ നടപടിയുണ്ടാവുമെന്നും ജയിലിലടക്കുമെന്നും വിഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിഎസിന് എതിരായ നീക്കങ്ങളുടെ പ്രധാന കാരണം.

ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് വിവിധ ശാഖകളിലെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ മലമ്പുഴയില്‍ തമ്പടിച്ച് വരികയാണ്. ഗൃഹസമ്പര്‍ക്കത്തിനും കുടുംബ യോഗങ്ങള്‍ക്കുമാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

കഴിഞ്ഞ തവണ മലമ്പുഴയില്‍ നിന്ന് 23,440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിഎസ് വിജയിച്ചത്. ഈ ഭൂരിപക്ഷം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

സംസ്ഥാനത്തെ ഏറ്റവും ജനകീയ നേതാവായ വിഎസിനെ മലര്‍ത്തിയടിക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ നേട്ടം യുഡിഎഫിനെ സംബന്ധിച്ച് കേരളത്തില്‍ നിന്ന് നേടാനില്ല എന്നതിനാല്‍ വിഎസിനെതിരായ നീക്കങ്ങള്‍ക്ക് ‘ഏത് പിന്‍തുണയും’ വാങ്ങുന്നതില്‍ തെറ്റില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

തിരഞ്ഞെടുപ്പിന്റെ അടുത്ത നാളുകളില്‍ വന്‍ തോതില്‍ പണം മണ്ഡലത്തില്‍ ഇറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഎസ് വിരുദ്ധരായ മുഴുവന്‍ പേരും ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് ഇടതുമുന്നണിയുടെ ചുവടുവയ്പ്.

ബിജെപി-ബിഡിജെഎസ് വിഭാഗത്തിന്റെ നല്ലൊരു ശതമാനം വോട്ടുകള്‍ യുഡിഎഫിലേക്ക് ചോരുമെന്ന കണക്കുകൂട്ടലില്‍ പഴുതടച്ച മറുതന്ത്രം പയറ്റാനൊരുങ്ങുകയാണ് സിപിഎം.

വിഎസിന്റെ പൊതുസ്വീകാര്യത തകര്‍ക്കാന്‍ എല്ലാ വിരുദ്ധശക്തികള്‍ ഒരുമിച്ചാലും നടക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സിപിഎം അവിശുദ്ധ സഖ്യം ചൂണ്ടിക്കാട്ടി വരും നാളുകളില്‍ പ്രചരണം കൊഴുപ്പിക്കാനാണ് ആലോചിക്കുന്നത്.

പിണറായി വിജയനടക്കമുള്ള നേതാക്കളെ മലമ്പുഴയില്‍ കൊണ്ടുവരാനും സിപിഎം ആലോചിക്കുന്നുണ്ട്. വിഎസ് തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പിണറായി മത്സരിക്കുന്ന ധര്‍മ്മടത്തും പ്രചരണത്തിനിറങ്ങുന്നുണ്ട്.

വിഎസിനെ പോലെ തന്നെ പിണറായിയും വിവാദനായകനായ ഈ സാമുദായിക നേതാവിന്റെ ശത്രുവാണ്. പാലക്കാട്ടെ ‘പരീക്ഷണം’ ധര്‍മ്മടത്ത് പയറ്റിയാല്‍ ബാലറ്റിലൂടെ മാത്രമല്ല അല്ലാതെയും ‘തിരിച്ചടി’ ലഭിക്കുമെന്നതിനാലാണ് അക്കാര്യമിപ്പോള്‍ ആലോചിക്കാത്തതത്രെ.

Top