Malala Yousafzai’s school among 8 in UK get terror threat

ലണ്ടന്‍: നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ യു.കെയിലെ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇംഗ്ലണ്ടിലേയും സ്‌കോട്ട്‌ലന്റിലേയും സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

ബിര്‍മിങ്ങ്ഹാമിലെ ആറ് സ്‌കൂളുകളിലും ഗ്ലാസ്‌ഗോവിലെ രണ്ട് സ്‌കൂളുകളിലും ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

പെണ്‍ക്കുട്ടികള്‍ക്കായുള്ള ബിര്‍മിങ്ങ്ഹാമിലെ എസ്ജ്ബാസ്റ്റണ്‍ സ്‌കൂളിലാണ് മലാല പഠിക്കുന്നത്. വെസ്റ്റ് മിഡ്‌ലാന്റ് പൊലീസ് ഭീഷണിയെ കുറിച്ച് അന്വേഷിച്ച് വരികയാണ്. എന്നാല്‍ വ്യാജ സന്ദേശമാണെന്ന നിഗമനത്തില്‍ വീണ്ടും കുട്ടികളെ ക്ലാസില്‍ കയറ്റി. ഷയര്‍ലാന്റ് കൊളിജിയേറ്റ് അക്കാഡമി, ബ്രിസ്റ്റ്‌നാള്‍ ഹാള്‍ അക്കാഡമി, പെരിഫീല്‍ഡ്‌സ് ഹൈസ്‌കൂള്‍, ഹാള്‍ ഗ്രീന്‍ സെക്കണ്ടറി സ്‌കൂള്‍, ഓള്‍ഡ്ബറി അക്കാഡമി എന്നിവടങ്ങളാണ് ഭീഷണി സന്ദേശം ലഭിച്ച മറ്റ് സ്‌കൂളുകള്‍.

കഴിഞ്ഞായാഴ്ചയും ഇതുപോലുള്ള ബോംബ് ഭീഷണികള്‍ വന്നിരുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന ഫോണ്‍കോളുകള്‍ വ്യാജമാണെന്ന് വെസ്റ്റ് മിഡ്‌ലാന്റ്‌സ് പൊലീസ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ കോളിന്‍ മാറ്റിസണ്‍ പറഞ്ഞു.

ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ പൊലീസിനെ അയച്ചിട്ടുണ്ടെന്നും സന്ദേശങ്ങള്‍ നല്‍കിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഭീഷണി ഫോണ്‍കോളുകള്‍ നടത്തിയതിന്റെ ഉത്തരവാദിത്തം റഷ്യ ആസ്ഥാനമായുള്ള ട്വിറ്റര്‍ സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വന്നിട്ടുള്ള ഭീഷണിക്ക് പിന്നിലും അവരാണോയെന്ന് വ്യക്തമായിട്ടില്ല.

Top