നൊബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി, വരന്‍ പിസിബി അംഗം

ലണ്ടന്‍: നൊബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. ബര്‍മിംഗ്ഹാമിലെ സ്വവസതിയില്‍ വച്ചായിരുന്നു വിവാഹം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസര്‍ മാലിക്കാണു വരന്‍.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവന്‍ പങ്കാളികളായിരിക്കാന്‍ തീരുമാനിച്ചു. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാര്‍ത്ഥന ഒപ്പം വേണം’. – മലാല ട്വീറ്ററില്‍ കുറിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16-ാം വയസ്സില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.

Top