Malala Yousafzai condemns Donald Trump’s ‘ideology of hatred’

ബെര്‍മിംഗ്ഹാം: ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് സാമൂഹ്യപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായ്. ട്രംപ് നടത്തിയ പരാമര്‍ശം വെറുപ്പ് നിറഞ്ഞതാണെന്നും ഭീകരവാദത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും മലാല പറഞ്ഞു. 140 പേരുടെ മരണത്തിന് ഇടയാക്കിയ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു മലാല അഭിപ്രായം വ്യക്തമാക്കിയത്.

മറ്റുള്ളവരോട് വേര്‍തിരിവും വെറുപ്പും നിറഞ്ഞ ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മലാല പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും ഇവ കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിക്കാനേ സഹായിക്കൂവെന്നും മലാല ചൂണ്ടിക്കാട്ടി. ഭീകരവാദം തടയനാണ് ഉദ്ദേശമെങ്കില്‍ മുഴുവന്‍ മുസ്ലീങ്ങളെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും മലാല കൂട്ടിച്ചേര്‍ത്തു.

മുസ്ലീങ്ങളെ യുഎസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശമാണ് വിവാദമായത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനായി മത്സരിക്കുന്ന ട്രംപ് പ്രചരണ പരിപാടിക്കിടയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Top