റീലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ 24.02 കോടി ആഗോള കളക്ഷന്‍ നേടി മലൈക്കോട്ടൈ വാലിബന്‍

കൊച്ചി: മലൈക്കോട്ടൈ വാലിബന്റെ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു. റീലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 24.02 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. ജിസിസി, ഓവര്‍സീസ് കളക്ഷന്‍ ഉള്‍പ്പടെ 12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ഗ്രോസ് കലക്ഷന്‍.

മലൈക്കോട്ടൈ വാലിബന്റെ മേക്കിങ് വീഡിയോ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയില്‍ കാണാവുന്നതാണ്.

ഇന്ത്യന്‍ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങള്‍ കാണിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചന്‍ തുടങ്ങിയ സിനിമയുടെ അണിയറപ്രവര്‍ത്തകരെയും മേക്കിങ് വീഡിയോയില്‍ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Top