‘മലൈക്കോട്ടൈ വാലിബന്‍’ ടീസര്‍ ഡിസംബര്‍ 6 ന്

ലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ സുപ്രധാനമായ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

സിനിമയുടെ ടീസര്‍ ഈ മാസം ആറാം തീയതി വൈകിട്ട് അഞ്ചുമണിക്ക് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ടീസറില്‍ എന്തായിരിക്കും കരുതിവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി.എസ്. റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനാണ്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ’ന്റെ നിര്‍മ്മാണ പങ്കാളികളാണ്.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Top