മോഹൽലാൽ – ലിജോ ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ പുറത്ത്

ലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിം​ഗ് ലഭിച്ചിരുന്ന ചിത്രത്തിന്റെ ഓപണിം​ഗും മികച്ചതായിരുന്നു. എന്നാല്‍ ആദ്യദിനത്തിലെ നെ​ഗറ്റീവ് അഭിപ്രായങ്ങളെ തുടര്‍ന്ന് ചിത്രത്തിന് ബോക്സ് ഓഫീസില്‍ പരിക്കേറ്റോ? ഇപ്പോഴിതാ വാലിബന്റെ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വ്യാഴാഴ്ചയായിരു ചിത്രത്തിന്റെ റിലീസ്. അതിനാല്‍ത്തന്നെ നാല് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. 26 റിപബ്ലിക് ദിനം പൊതു അവധി ആയതിനാല്‍ മികച്ച വാരാന്ത്യ സാഹചര്യമായിരുന്നു തിയറ്ററുകളില്‍. കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. രാജ്യത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.

Top