Malabar scam-vigilance case against CM Radhakrishnan

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ടതിന് പിന്നാലെ വ്യവസായി വി.എം രാധാകൃഷ്ണന്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.

ഒരാഴ്ചക്കുള്ളില്‍ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശം വന്നത്. പാലക്കാട് വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുക്കാതെ പ്രതികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നിന്നത് സര്‍ക്കാരിന്റെ ഉന്നത ഇടപെടല്‍ മൂലമാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.ഗൗരവമുളള കുറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സ് ഡയറക്ടറെയും ഒരു പ്രതിയൊഴികെ മറ്റുളളവര്‍ക്ക് എതിരെ കേസുകള്‍ വേണ്ടെന്ന് വെച്ച അഡി. ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് കമാല്‍പാഷയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരാഴ്ചക്കുള്ളില്‍ കേസ് എടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ഉത്തരവിട്ടിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നും ഇടത് സര്‍ക്കാരില്‍ നിന്നെങ്കിലും നീതി കിട്ടുമോ എന്നും ആശങ്ക പ്രകടിപ്പിച്ച് തൃശൂര്‍ സ്വദേശി ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഇന്നലെ ഉണ്ടായത്.

കമ്പനി ഇടപാടുകളിലെ ക്രമക്കേട് മൂലം 2012-2013ലും 2014-15ലും ലാഭത്തില്‍ വന്‍ഇടിവുണ്ടായെന്നാണ് ആരോപണം. 2015 ജൂലൈയില്‍ ഡയറക്ടര്‍ക്കു വിട്ട ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായത് 2016 ജനുവരിയിലാണ്. അതാകട്ടെ പ്രതികള്‍ക്ക് അനുകൂലവും.

ഹൈക്കോടതി വിമര്‍ശനവും ഉത്തരവും വന്ന് 24മണിക്കൂര്‍ പിന്നിടും മുമ്പാണ് കേസ് എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിറക്കിയത്.

വ്യവസായിയായ വി.എം.രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി എം.സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.വടിവേലു എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിലവിലുള്ള എംഡി കെ.പത്മകുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി.വേണുഗോപാല്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് കണ്ടു. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, വിശ്വാസവഞ്ചന, ഗൂഢാലോചനക്കുറ്റങ്ങള്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും കേസ് റജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി വിലയിരുത്തി. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തതും.

Top