കമൽഹാസനെ കൈവിടാതെ സി.പി.എം, മാഹിയിൽ ചെമ്പടയുടെ പിന്തുണ ശക്തം

ടന്‍ കമല്‍ഹാസനോളം സി.പി.എമ്മിന് താല്‍പ്പര്യമുള്ള മറ്റൊരു നടനേ രാജ്യത്ത് ഒള്ളു. അത് മമ്മൂട്ടിയാണ്. ഇവര്‍ രണ്ട് പേരും കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ഈ താല്‍പര്യത്തിന് പ്രധാന കാരണം. തമിഴകത്തെ പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തി മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടി കമല്‍ രൂപീകരിക്കുന്നതിനു മുന്‍പ് ആശിര്‍വാദം തേടിയത് മുഖ്യമന്ത്രി പിണറായിയില്‍ നിന്നാണ്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചാലും താന്‍ എന്നും കമ്യൂണിസ്റ്റ് സഹയാത്രികന്‍ ആയിരിക്കുമെന്നാണ് കമല്‍ വ്യക്തമാക്കിയിരുന്നത്.

തമിഴകത്ത് കമല്‍ ഹാസനെ കൂടി പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന സി.പി.എം ആവശ്യം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡി.എം.കെ നിരാകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ തന്ത്രപരമായ സമീപനമാണ് കമലിന്റെ മക്കള്‍ നീതിമയ്യവും സ്വീകരിച്ചിരിക്കുന്നത്.

എല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ ചെമ്പടക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും കമല്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരിച്ച് സി.പി.എമ്മും മക്കള്‍ നീതിമയ്യത്തിന് വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു കൈ സഹായം നല്‍കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പോണ്ടിച്ചേരിയില്‍ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഈ മണ്ഡലത്തില്‍പ്പെട്ട മാഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ സ്വാധീനമാണ് സി.പി.എമ്മിനുള്ളത്. മാത്രമല്ല പോണ്ടിച്ചേരി സര്‍വകലാശാലാ യൂണിയന്‍ ഭരിക്കുന്നതും എസ്.എഫ്.ഐയാണ്.

അപകടം മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് നേത്യത്വം ഡി.എം.കെ നേതാക്കളെയും സി.പി.എം നേതാക്കളെയും സന്ദര്‍ശിച്ച് നിലപാട് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചിട്ടില്ല. ഭാഗമാണെങ്കിലും ഇവിടുത്തെ പാര്‍ട്ടി ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കുള്ളത്.

വയനാടില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതും സി.പി.എം കേരള ഘടകത്തെ പ്രകോപിപ്പിച്ച ഘടകമാണ്. നേതൃത്വം പറഞ്ഞാല്‍ പോലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് മാഹിയിലെ സി.പി.എം പ്രവര്‍ത്തകര്‍. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതുമ്പോള്‍ മാഹിയില്‍ സി.പി.എം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പോകുന്നത് വടകരയിലും കണ്ണൂരിലും പ്രചരണ ആയുധമാക്കിയ കോണ്‍ഗ്രസാണിപ്പോള്‍ വെട്ടിലായിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ് സി.പി.എം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യം പിന്തുടരുന്ന പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിലെ വി. വൈദ്യലിംഗമാണ് മുന്നണി സ്ഥാനാര്‍ത്ഥി. എന്നാല്‍ സി.പി.എം കോട്ടയായ തലശേരി, കൂത്തുപറമ്പ്, വയനാട് മണ്ഡലങ്ങള്‍ അതിരിടുന്ന മാഹിയാവട്ടെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുമാണ്.

മാഹിയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിനു വോട്ടുചെയ്യുക എന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി ഡോ.എം.എ.എസ് സുബ്രമണ്യന് വോട്ടുചെയ്യാന്‍ തീരുമാനമെടുത്തത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെയും ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങളുടെയും ഗൂഢാലോചനയുടെയും കേന്ദ്രമാണ് മാഹി. അക്രമം നടത്തുന്നവര്‍ അന്യസംസ്ഥാനമായ മാഹിയിലാണ് ഒളിയിടമൊരുക്കാറുള്ളത്. സി.പി.എമ്മിനൊപ്പം ആര്‍.എസ്.എസിനും മാഹിയില്‍ രഹസ്യകേന്ദ്രങ്ങളുണ്ട്. മുന്‍ ഫ്രഞ്ച് കോളനിയായും സമാധാനതുരുത്തായും അറിയപ്പെട്ടിരുന്ന മാഹിയില്‍ അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും എത്തിയത് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

1986ല്‍ ഓട്ടോ ഡ്രൈവര്‍ കനകന്റെ കൊലപാതകമാണ് മാഹിയിലെ ആദ്യ രാഷ്ട്രീയ കൊലപാതകം. 2009തില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ഇരട്ടക്കൊലപാതകം നടത്തിയതോടെ മാഹി വിറങ്ങലിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രനും ബി.ജെ.പി പ്രവര്‍ത്തകന്‍ ചന്ദ്രനുമാണ് കൊല്ലപ്പെട്ടത്. 2010ല്‍ വീണ്ടും മാഹി ഇരട്ടക്കൊലപാതകത്തിന് സാക്ഷ്യം വഹിച്ചു. അന്ന് കൊല്ലപ്പെട്ടത് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു.

രാഷ്ട്രീയ സംഘട്ടനക്കേസില്‍ കോടതിയില്‍ ഹാജരായി മടങ്ങുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു. ഇതിനു തിരിച്ചടിയായി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബുവും ന്യൂമാഹിയില്‍ ഈസ്റ്റ് പള്ളൂര്‍ സ്വദേശി കെ.പി ഷമോജും പിന്നീട് കൊല്ലപ്പെട്ടു.

ഇപ്പോള്‍ പാര്‍ട്ടികള്‍ ക്വട്ടേഷന്‍ സംഘങ്ങളെ തെരഞ്ഞെടുക്കുന്നതും ഗൂഢാലോചന നടത്തുന്നതും മാഹി കേന്ദ്രീകരിച്ചാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും താവളവും മാഹിയായിരുന്നു. മാഹിയില്‍ 18നാണ് തെരഞ്ഞെടുപ്പ് ഇതിന് ശേഷം 23നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. മാഹിയിലെ പാര്‍ട്ടിക്കാര്‍ക്ക് പ്രിയങ്കരനായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി. മാഹിയിലെ പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ വടകരയിലാണ് പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്നത്.

കണ്ണൂരില്‍ കെ.സുധാകരനും വടകരയില്‍ കെ. മുരളീധരനും കൊലപാതക രാഷ്ട്രീയമാണ് മുഖ്യപ്രചരണായുധമാക്കുന്നത്. ഇതോടെയാണ് മാഹിയില്‍ കോണ്‍ഗ്രസിനു വോട്ടു നല്‍കാതെ മക്കള്‍നീതിമയ്യത്തെ പിന്തുണക്കാന്‍ മാഹിയിലെ സി.പി.എം പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

Top