ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ബഹുനില ടെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

സൗദി; ഈ വര്‍ഷം ഹജ്ജിന് തീര്‍ത്ഥാടകര്‍ക്കായി ബഹുനില ടെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. മിനായില്‍ ബഹുനില ടെന്റുകള്‍ ഉയരുന്നതോടെ തീര്‍ത്ഥാടകരുടെ താമസവുമായി ബന്ധപ്പെട്ട പരിമിതികള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായാണ് ഇത്തവണ മിനായില്‍ ബഹുനില തമ്പുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് മിനായില്‍ ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നത്.

ഹജ്ജിനെത്തുന്ന എല്ലാ തീര്‍ത്ഥാടകരെയും ഒരേസമയം ഉള്‍ക്കൊള്ളാനുള്ള ശേഷി മിനായ്ക്കില്ല. അതുകൊണ്ട് മിനായ്ക്ക് പുറത്ത് മുസ്ദലിഫയിലും അസീസിയയിലും മറ്റുമാണ് പല തീര്‍ത്ഥാടകരും ഹജ്ജ് വേളയില്‍ താമസിക്കുന്നത്. ഈ വര്‍ഷം തന്നെ തമ്പുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ രണ്ട് നിലകളുള്ള തമ്പുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനും, സാധനങ്ങള്‍ സൂക്ഷിക്കാനും സൗകര്യമുള്ള ഈ തമ്പുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. ഹജ്ജ് മന്ത്രാലയത്തിന്റെയും മക്ക ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെയും മക്ക റോയല്‍ കമ്മീഷന്റെയും അംഗീകാരം നേരത്തെ ഈ പദ്ധതിക്കായി ലഭിച്ചിരുന്നു.

Top