ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി വകുപ്പുമായി ക്വാല്‍കോം ഇന്ത്യ ഒപ്പിട്ട ധാരണാപത്രമനുസരിച്ചാണ് സഹകരണം.

നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ആറംഗ ക്വാല്‍കോം സംഘം മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലന കളരികള്‍, വ്യക്തിഗത ചര്‍ച്ചകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. അടുത്ത ആറു മാസംകൊണ്ട് നാലുഘട്ടമായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെ സമസ്ത മേഖലകളിലും ക്വാല്‍കോമിന്റെ പിന്തുണ ലഭിക്കും. മൂന്നു വിഭാഗങ്ങളായി 15 സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുന്നത്.

സംരംഭങ്ങളുടെ ആശയം, മാതൃക, ഉല്‍പന്നം, ബൗദ്ധിക സ്വത്തവകാശ സംരംക്ഷണം, ഉത്പന്ന രൂപരേഖ, വിപണനം തുടങ്ങി എല്ലാ വിഷയങ്ങളിലും ക്വാല്‍കോമിന്റെ പിന്തുണയുണ്ടാകും. ഓരോ വിഷയത്തിലും ആശയവിനിമയം നടത്താന്‍ ക്വാല്‍കോമിന്റെ അന്താരാഷ്ട്ര വിദഗ്ധരാണ് മേക്കര്‍വില്ലേജിലെത്തുന്നത്. ഫെബ്രുവരിയില്‍ ഈ പരിപാടി പൂര്‍ത്തിയാകുന്‌പോള്‍ കേരളത്തില്‍നിന്ന് ആഗോള നിലവാരത്തിലുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകളെങ്കിലും യാഥാര്‍ഥ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

Top