സാമൂഹ്യ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന നിയമനിർമാണവുമായി കേന്ദ്രം

ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. സോഷ്യൽ മീഡിയ സേവനങ്ങളെയും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് മാറ്റം വരുത്തുന്നത്. ഉള്ളടക്കങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന തരത്തിലാണ് നിയമനിർമാണം. ഇക്കാര്യത്തിൽ ഒരു തീരുമാനം അന്തിമമാക്കിയിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ സർക്കാർ ഇത് പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയ സേവനങ്ങളെ സർക്കാരിന്റെ നിർദേശങ്ങളോടും നിയമ നിർവഹണ ഏജൻസികളോടും പ്രതികരിക്കാൻ ബാധ്യസ്ഥരാക്കുന്ന തരത്തിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഫെബ്രുവരി 12 ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയെ അറിയിച്ചിരുന്നു. ഓൺ‌ലൈൻ കമ്പനികളെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിടുന്നത് “മുൻ‌കൂട്ടി കണ്ടെത്താനും തടയാനും” ഐടി നിയമത്തിലെ സെക്ഷൻ 79 ഭേദഗതി ചെയ്യുകയാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

സോഷ്യൽ മീഡിയ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഉള്ളടക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയും അത് നീക്കുന്നതിൽ കമ്പനികൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പരിരക്ഷ അവർക്ക് ലഭിക്കില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമ വിരുദ്ധമായ ഉള്ളടക്കം നീക്കാനുള്ള സർക്കാർ ഏജൻസിയുടെയോ കോടതിയുടെയോ നിർദേശം 24 മണിക്കൂറിനകം നടപ്പിലാക്കാൻ സോഷ്യൽ മീഡിയ, ഒടിടി സേവന ദാതാക്കളെ ബാധ്യസ്ഥരാക്കുന്ന തരത്തിലും നിയമ വ്യവസ്ഥയിൽ മാറ്റം വരും. സർക്കാരും ട്വിറ്ററും തമ്മിലുള്ള തർക്കത്തിന്റെ സാഹചര്യത്തിലാണ് ഐടി നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. ആദ്യഘട്ടത്തിൽ ഈ പ്ലാറ്റ്‌ഫോമുകളെല്ലാം മേൽനോട്ടം വഹിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ട്രായ് പോലുള്ള ഏജൻസിയെ നോക്കാനാണ് ആലോചിക്കുന്നത്.

Top