ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക; രണ്ടാം മോദി സര്‍ക്കാര്‍ ഒരുവര്‍ഷംപൂര്‍ത്തിയാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ന് രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. മോദിസര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം നിര്‍ണ്ണായകമാകും. അഞ്ചു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം തല്‍ക്കാലം സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രഖ്യാപനത്തോടെ പുതിയ രൂപം കൈവരിക്കുന്നു.

കൊവിഡ് ലോകത്തെയും രാജ്യത്തെയും പ്രതിസന്ധിയില്‍ ആക്കുമ്പോള്‍ രോഗപ്രതിരോധ നീക്കങ്ങളുടെ വിജയം മോദിക്ക് മുന്നോട്ടുള്ള പാതയില്‍ പ്രധാനമാണ്. സാമ്പത്തിക രംഗം ആടിയുലയുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങള്‍ക്ക് നിയമഭേദഗതിയും അനിവാര്യമാണ്. ഇതിനുള്ള പിന്തുണ പാര്‍ലമെന്റില്‍ ഉറപ്പിക്കണം.

തൊഴിലാളികളുടെ മടക്കത്തിന്റെ കാഴ്ച ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം വ്യാപകമായ തൊഴില്‍ നഷ്ടവും സര്‍ക്കാരിനെ വരുംനാളുകളില്‍ ഉലയ്ക്കും. തല്‍ക്കാലം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഇടിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ല എന്നതില്‍ മാത്രമാണ് ഭരണപക്ഷത്തിന് ആശ്വാസം. ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണനിലയില്‍ കൊണ്ടുവരണം, പൗരത്വനിയമഭേദഗതിയിലും മോദി സര്‍ക്കാര്‍ രജിസ്റ്ററിലും സമവായം ഉണ്ടാക്കണം.

Top