Make in India week: Arun Jaitley hints at banking reforms Livemint

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ പങ്കാളിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പൂര്‍ണമായി പിന്‍വാങ്ങില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. എന്നാല്‍, ബാങ്കിങ് മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. ഫിബ്രവരി 29ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇവ പ്രഖ്യാപിക്കും.

‘മെയ്ക്ക് ഇന്‍ ഇന്ത്യ വീക്കി’ന്റെ ഭാഗമായി സി.എന്‍.എന്‍. ഏഷ്യാ ബിസിനസ് ഫോറം 2016’ല്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ബാങ്കിങ് മേഖലയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങാനുള്ള അവസ്ഥയിലേക്ക് ഇന്ത്യ എത്തിയിട്ടില്ല.

എന്നാല്‍, പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന്റെ 70 ശതമാനവും പൊതുമേഖലാബാങ്കുകളുടെ കൈയിലാണ്. ഇവയില്‍ സര്‍ക്കാറിനുള്ള ഓഹരി 52 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി സാമ്പത്തികപരിഷ്‌കരണപദ്ധതികളില്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ ആവശ്യമാണ്.

പൊതുമേഖലാ ബാങ്കുകളെ നവീകരിക്കുന്നതിനായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ‘ഇന്ദ്രധനുഷ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും പറഞ്ഞു.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനം മോശമാണെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ബാങ്ക് ഓഫ് ബറോഡയ്ക്കും ഐ.ഡി.ബി.ഐ. ബാങ്കിനുമായിരുന്നു ഏറ്റവുമധികം നഷ്ടം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനവും മോശമായിരുന്നു.

ചരക്കുസേവനനികുതി ബില്‍ രാജ്യസഭയില്‍ പാസാക്കാനാവുമെന്ന് ജെയ്റ്റ്‌ലി പ്രതീക്ഷപ്രകടിപ്പിച്ചു. സ്ഥിരതയുള്ളതും മുന്‍കൂട്ടിയറിയാന്‍ കഴിയുന്നതുമായ നികുതി സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് നികുതി സാവധാനം 25 ശതമാനമാക്കും.

എണ്ണവിലയിടിവ് മൂലമുണ്ടായ സാമ്പത്തികനേട്ടം അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ നല്ല അവസരമുണ്ട്. ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന നികുതികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ശ്രദ്ധപതിയണമെന്ന് അദ്ദേഹം പറഞ്ഞു.

Top