വൻ വിജയമായി മെയ്ക് ഇൻ ഇന്ത്യ; പിഎൽഐ പദ്ധതിക്ക് 17,000 കോടിയുടെ കൂടി അംഗീകാരം

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ വൻ വിജയത്തിലെന്ന് റിപ്പോർട്ട്. സ്മാർട് ഫോണുകള്‍ക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ വിജയിച്ചതോടെ ഈ പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി മറ്റു ഐടി ഉല്‍പന്നങ്ങളുടെ നിർമാണത്തിനും കൂടുതൽ ഇളവുകൾ (പിഎൽഐ) നൽകാൻ 17,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

പിഎല്‍ഐ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ലാപ്‌ടോപ്, ടാബ്‍ലെറ്റ്, ഓള്‍-ഇന്‍-വണ്‍ പഴ്സണല്‍ കംപ്യൂട്ടർ, സെര്‍വർ, ഹോംതിയേറ്റര്‍, ചെറിയ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് വർഷം കൊണ്ട് 3.35 ലക്ഷം കോടിയുടെ ഉൽപാദനമാണ് ഈ പദ്ധതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.

മുൻനിര കമ്പനികൾക്കെല്ലാം ഇന്ത്യയിൽ നിർമാണം തുടങ്ങാൻ താൽപര്യമുണ്ടെന്നും ഐപാഡ് നിർമാതാക്കളായ ആപ്പിൾ ഈ പദ്ധതി ഗൗരവമായി വിലയിരുത്തുന്നുണ്ടെന്നും ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഐടി പിഎൽഐയുടെ ബജറ്റ് വിഹിതം 17,000 കോടി രൂപയാണ്. പദ്ധതിയുടെ കാലാവധി ആറ് വർഷമാണ്. ഒക്ടോബറിൽ ആദ്യഘട്ട അപേക്ഷകൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു.

പുതിയ സ്കീം വരുന്നതോടെ ആറു വർഷത്തിനുള്ളിൽ ഐടി ഉപകരണങ്ങളുടെ ഉൽപാദനത്തിൽ 3.35 ലക്ഷം കോടി രൂപയുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ 2,430 കോടി രൂപയുടെ നിക്ഷേപ വർധനയും 75,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, വിവിധ പി‌എൽ‌ഐ സ്കീമുകൾക്ക് കീഴിലുള്ള നിക്ഷേപം പ്രത്യേകിച്ച് ടെലികോം, മൊബൈൽ ഫോണുകൾ എന്നിവയ്‌ക്ക് കീഴിലുള്ള നിക്ഷേപം സർക്കാർ കണക്കുകളെ അപേക്ഷിച്ച് ഉയർന്നതാണെന്ന് വൈഷ്ണവ് പറഞ്ഞു.

എച്ച്പി, ഡെൽ, എയ്സർ, അസുസ് തുടങ്ങി കമ്പനികളെല്ലാം പ്ലാന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ആപ്പിളാണ്. 2021 ഫെബ്രുവരിയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ എന്നിവയുടെ ഉത്പാദനം ഉൾക്കൊള്ളുന്ന ഐടി ഹാർഡ്‌വെയറിനായുള്ള 7350 കോടിയുടെ പിഎൽഐ പദ്ധതിക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ വിഭാഗത്തിനായുള്ള പദ്ധതി വിഹിതം വർധിപ്പിക്കണമെന്ന് നിരവധി വ്യവസായ പ്രമുഖർ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. നിലവിൽ സ്മാർട് ഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിർമാതാവായി ഇന്ത്യ മാറിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ കയറ്റുമതി മാർച്ചിൽ 1100 കോടി ഡോളർ കടന്നു.

Top