മകരവിളക്ക് കാണാന്‍ തമിഴ് സിനിമാതാരം ജയം രവി ശബരിമലയിലെത്തി

ശബരിമല: ശബരിമല മകരവിളക്ക് കാണാന്‍ തമിഴ് സിനിമാതാരം ജയം രവി എത്തി. കടുത്ത അയ്യപ്പ ഭക്തനാണ് ജയം രവി. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയതെന്ന് ജയം രവി പറഞ്ഞു. മൂന്നാം തവണയാണ് രവി മകരവിളക്ക് കാണാന്‍ എത്തുന്നത്.

‘സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ജയം രവി വ്യക്തമാക്കി. കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചിരുന്നു.

അതേസമയം ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി എട്ട് പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാനാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മകരവിളക്ക് മഹോത്സവത്തിന് എത്തിയവരില്‍ കൂടുതലും.

Top